ന്യൂഡൽഹി: അസമിൽ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹേമന്ത ബിശ്വ ശർമക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് 48 മണിക്കൂർ വിലക്ക്. പൊതുവേദികളിലും സമ്മേളനങ്ങളിലും പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കിയെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമാണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എൻ.ഐ.എയെ ദുരുപയോഗിച്ച് ബോഡോലൻഡ് പീപ്പിൾസ് ഫ്രണ്ട് അംഗമായ ഹഗ്രാമ മോഹിലാരിയെ ജയിലിൽ അയക്കുമെന്ന പ്രസ്‌താവനയെ തുടർന്നാണ് നടപടി.
വിഷയത്തിൽ കോൺഗ്രസ് മാർച്ച് 30ന് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിരുന്നു. പ്രാഥമികമായി തന്നെ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മനസിലാക്കിയ ഇ.സി ശർമയിൽ നിന്ന് വിശദീകരണം നേടിയിരുന്നു. അസമിൽ കോൺഗ്രസും ബോഡോലൻഡ് പീപ്പിൾസ് ഫ്രണ്ടും സഖ്യകക്ഷികളായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സർമ ജലൂക്ക്ബാരിയിൽ നിന്നാണ് ജനവിധി തേടുന്നത്.