ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടം നാളെ. രാവിലെ 11.30ന് ഹാങ്‌ചോവില്‍ ആരംഭിക്കുന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് നടന്ന രണ്ടാം സെമിഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് അഫ്‌ഗാൻ കലാശപ്പോരില്‍ യോഗ്യത നേടിയത്. നാല് വിക്കറ്റിനായിരുന്നു അഫ്‌ഗാന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ 18 ഓവറില്‍ 115 റൺസിന് എല്ലാവരും പുറത്തായിരുന്നു.
മറുപടി ബാറ്റിങിന് ഇറങ്ങിയ അഫ്‌ഗാൻ 17.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അതേസമയം, ഇന്ന് രാവിലെ നടന്ന ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിന് എതിരെ ഒൻപത് വിക്കറ്റിന്‍റെ ആധികാരിക ജയവുമായാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റ് എടുത്തത്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്‌ടത്തില്‍ 96 റൺസ് എടുത്തപ്പോൾ ഇന്ത്യ 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
കരുത്തരായി ഇന്ത്യ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സ്വർണത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ബാറ്റിങില്‍ യശസ്വി ജയ്‌സ്‌വാൾ, തിലക് വർമ, നായകൻ റിതുരാജ് ഗെയ്‌ക്‌വാദ്, റിങ്കു സിങ് എന്നിവരെല്ലാം ഫോമിലാണ്. ബൗളർമാരില്‍ സായി കിഷോർ, രവി ബിഷ്‌ണോയി, വാഷിങ്‌ടൺ സുന്ദർ, ക്വാർട്ടറില്‍ തിളങ്ങാതിരുന്ന അർഷദീപ് സിങ് എന്നിവരെല്ലാം ഇപ്പോൾ ഫോമിലാണ്. മറുവശത്ത് അന്താരാഷ്ട്ര മത്സര പരിചയമുള്ള ഒരു പിടി താരങ്ങളുമായാണ് അഫ്‌ഗാനിസ്ഥാന്‍റെ വരവ്.
ഹാങ്‌ചോ ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റില്‍ ഇന്ത്യ സ്വർണം നേടിയിരുന്നു. പുരുഷ വിഭാഗത്തിലും സ്വർണം നേടി ഡബിൾ തികയ്ക്കാനാകും ടീം ഇന്ത്യയുടെ ശ്രമം.