ഡെറാഡൂൺ : നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നിരവധി വാഗ്‌ദാനങ്ങളുമായി ആം ആദ്‌മി പാര്‍ട്ടി. ഉത്തരാഖണ്ഡിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തെ തൊഴിലിൽരഹിതർക്ക് പ്രത്യേക ആനുകൂല്യം അനുവദിക്കുമെന്നും 80 ശതമാനം ജോലിസംവരണം ഏർപ്പെടുത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ അവകാശപ്പെട്ടു.
ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരിക്കാനായാൽ പ്രധാനമായും ആറ് വാഗ്‌ദാനങ്ങൾ നടപ്പിലാക്കുമെന്നാണ് കെജ്‌രിവാൾ പറയുന്നത്. തൊഴിൽ ലഭിക്കുന്നതുവരെ ഓരോ കുടുംബത്തിൽ നിന്നും ഒരു വ്യക്തിക്ക് പ്രതിമാസം 5,000 രൂപ നൽകും. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തും.
ALSO READ:പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ ; രണ്ട് ഉപമുഖ്യമന്ത്രിമാര്‍
ആറ് മാസത്തിനുള്ളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനായി 'ജോബ് പോർട്ടൽ' ആരംഭിക്കും. അതുവഴി തൊഴിലന്വേഷകർക്ക് തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടാനാകും.
തൊഴിലില്ലായ്‌മയും കുടിയേറ്റവും പരിഹരിക്കുന്നതിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കും. കർഷകർക്ക് 24 മണിക്കൂറും ഓരോ വീടിനും 300 യൂണിറ്റ് വീതവും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും കെജ്‌രിവാള്‍ ഹൽദ്വാനിയിൽ പറഞ്ഞു.
2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി കേണൽ അജയ് കൊതിയലിനെയാണ് പാര്‍ട്ടി അവതരിപ്പിക്കുന്നത്.