കൊൽക്കത്ത : എസ്എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിക്കേസിലെ പ്രതി പാർഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജി പലതവണ തായ്‌ലൻഡിലേക്കും സിംഗപ്പൂരിലേക്കും യാത്ര നടത്തിയതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. അർപിത മുഖർജിയുടെ പാസ്‌പോർട്ട് പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. എന്നാൽ എന്തിനാണ് തായ്‌ലൻഡിലേക്കും സിംഗപ്പൂരിലേക്കും തുടരെ യാത്ര നടത്തിയെന്ന ചോദ്യത്തിന് അർപിത വ്യക്തമായ ഉത്തരം നൽകിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കള്ളപ്പണം വെളുപ്പിക്കാനാകും അർപിത സിംഗപ്പൂരിലേക്കും തായ്‌ലൻഡിലേക്കും യാത്രകൾ നടത്തിയതെന്നാണ് ഇഡിയുടെ അനുമാനം. പണം നിക്ഷേപിക്കുന്നതിനായി അർപിത അടിക്കടി ഈ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. പാർഥ ചാറ്റർജിയുടെ നിർദേശപ്രകാരമാണോ യാത്രകൾ നടത്തിയതെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ പാർഥ ചാറ്റർജി തന്‍റെ അപ്പാർട്ടുമെന്‍റുകളിൽ പണം സൂക്ഷിച്ചിരുന്ന കാര്യം അറിയില്ലെന്ന അർപിതയുടെ വാദവും പൊളിയുകയാണ്. അർപിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നിന്നായി 49 കോടിയോളം രൂപയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഇതുവരെ കണ്ടെത്തിയത്. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ കൊണ്ടുവന്നാണ് കണ്ടെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
ALSO READ: പാർത്ഥ ചാറ്റർജി മന്ത്രിസഭയില്‍ നിന്ന് പുറത്ത്: നടപടി അഴിമതിക്കേസില്‍ അറസ്റ്റിലായതിനെ തുടർന്ന്
അറസ്റ്റിലായതിനെത്തുടർന്ന് പാർഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്ന് കഴിഞ്ഞദിവസം സർക്കാർ നീക്കം ചെയ്‌തിരുന്നു. ജൂലൈ 28 മുതൽ മന്ത്രിയുടെ ചുമതലകളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞതായി അറിയിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. കേസിൽ അറസ്റ്റിലായ പാർഥ ചാറ്റർജിയെ ഓഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കോടികളുടെ അഴിമതി : പശ്ചിമ ബംഗാളിലെ സർക്കാർ സ്‌കൂളുകളിലെയും, എയ്‌ഡഡ് സ്‌കൂളുകളിലെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്‍റിൽ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നത്.