കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അറസ്‌റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അർപിത മുഖർജിക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ(24.07.2022) രാത്രി ബാങ്‌ക്ഷാൾ കോടതിയിൽ നിന്ന് ചോദ്യം ചെയ്യലിനായി സാൾട്ട് ലേക്കിലെ സിജിഒ കോംപ്ലക്‌സിലുള്ള ഇഡിയുടെ ഓഫിസിലേക്ക് പോകുമ്പോഴാണ് അപകടം. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അർപിതയുമായി കോടതിയിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹത്തിലേക്ക് പെട്ടെന്ന് ഒരു കാർ കയറി വന്ന് നടിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അര്‍പിതയെ ഇന്ന്(25.07.2022) പ്രത്യേക കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അപകടം. എസ്‌എസ്‌സി അധ്യാപക നിയമന അഴിമതിക്കേസിലാണ് പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയും അർപിത മുഖർജിയും അറസ്‌റ്റിലായത്.
അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നല്‍ റെയ്‌ഡിൽ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ് ഇരുവരെയും ഇ.ഡി അറസ്‌റ്റ് ചെയ്‌തത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജിയെ ജൂലൈ 23 നാണ് ഇ.ഡി അറസ്‌റ്റ് ചെയ്‌തത്. 26 മണിക്കൂര്‍ ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്‌റ്റ്.
ബംഗാൾ രാഷ്‌ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് അർപിതയുടെ വീട്ടിൽ നിന്ന് വൻതുക കണ്ടെടുത്ത സംഭവം. അഴിമതി ആരോപണത്തെ തുടർന്നാണ് പാർഥയെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വ്യവസായ വകുപ്പിലേക്ക് മാറ്റിയത്.