ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയോട് കുട്ടിയെ വിവാഹം കഴിക്കാൻ തയാറാണോ എന്ന് ചോദിച്ച് സുപ്രീം കോടതി. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ സർക്കാർ ജീവനക്കാരനായ പ്രതിയോടായിരുന്നു സുപ്രീം കോടതിയുടെ വിചിത്രമായ ചോദ്യം.
കുട്ടിയെ വിവാഹം കഴിക്കാൻ തയാറാണെങ്കിൽ കോടതി അത് പരിഗണിക്കാമെന്നും അല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും ജോലി പോകുമെന്നുമാണ് കോടതി പറഞ്ഞത്. പോക്‌സോ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നത്. ജാമ്യം തേടി കോടതിയെ സമീപിച്ച പ്രതിക്ക് കോടതി അറസ്റ്റിൽ നിന്ന് നാല് ആഴ്‌ചത്തെ സംരക്ഷണവും നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്‌താൽ തന്നെ സർക്കാർ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും ഇതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ ഇതൊക്കെ പീഡിപ്പിക്കുന്നതിന് മുൻപ് ഓർക്കണമെന്നായിരുന്നു കോടതി നൽകിയ മറുപടി.
അതേസമയം വിവാഹത്തിന് തന്‍റെ പ്രതി തയാറാണെങ്കിലും കുട്ടിക്ക് സമ്മതമല്ലെന്നാണ് പ്രതിയുടെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ, ഇനി തനിക്ക് വിവാഹം കഴിക്കാൻ പറ്റില്ലെന്നും താൻ വിവാഹിതനാണെന്നുമാണ് പ്രതി കോടതിയെ ബോധിപ്പിച്ചത്.