ടൊവിനോ തോമസിന്‍റെ (Tovino Thomas) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' (Anweshippin Kandethum) സിനിമയുടെ ഫസ്‌റ്റ് ഗ്ലാന്‍സ് റിലീസ് ചെയ്‌തു (Anweshippin Kandethum First Glance). ഒരു കുറ്റാന്വേഷണ ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നാണ് 1.28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നല്‍കുന്ന സൂചന. വളരെ കൗതുകവും വ്യത്യസ്‌തവുമായ രീതിയിലുള്ളതാണ് ഫസ്‌റ്റ് ഗ്ലാന്‍സ്.
- " class="align-text-top noRightClick twitterSection" data="">
വളരെ നിഗൂഢതകളോടെ തുടങ്ങുന്ന ഫസ്‌റ്റ് ഗ്ലാന്‍സില്‍, ഒരു കാഴ്‌ചയില്‍ നിന്നും മറ്റൊരു കാഴ്‌ചയിലേയ്‌ക്കുള്ള ബന്ധിപ്പിക്കല്‍ ശ്രദ്ധേയവും വ്യത്യസ്‌തവുമാണ്. വീഡിയോക്ക് ഒടുവിലാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. ക്യാമറ ഫോക്കസ് ചെയ്യുന്തോറും ടൊവിനോയുടെ രൂപം വെള്ളത്തില്‍ തെളിഞ്ഞു വരികയും ഒടുവില്‍ പൊലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ യഥാര്‍ത്ഥ രൂപവുമാണ് വീഡിയോയില്‍ ദൃശ്യമാവുക.
ടൊവിനോ തോമസും ഫസ്‌റ്റ് ഗ്ലാന്‍സ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എസ് ഐ ആനന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രോജക്‌ടുകളില്‍ ഒന്നാണ്. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.
Also Read: പുതിയ ഭാവത്തില്‍ മിന്നല്‍ മുരളി ; സൂപ്പര്‍ ഹീറോയുടെ കോമിക്‌സ് ഇനി ടിങ്കിളിലും അമര്‍ ചിത്രകഥയിലും
സമീപ കാല ഇന്‍വെസ്‌റ്റിഗേറ്റീവ് ത്രില്ലറുകളില്‍ നിന്നും വ്യത്യസ്‌തമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. പതിവ് ഇന്‍വെസ്‌റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. മാര്‍ച്ച് ആറിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
സിദ്ദിഖ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, കോട്ടയം നസീർ, ബാബുരാജ്, പ്രമോദ് വെളിയനാട്, മധുപാൽ, അസീസ് നെടുമങ്ങാട്, പ്രേം പ്രകാശ്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, വെട്ടുകിളി പ്രകാശൻ, സാദിഖ്, രമ്യ സുവി, അർത്ഥന ബിനു, ശരണ്യ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് സിനിമയുടെ സംവിധാനം. തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് നിർമാണം. പൃഥ്വിരാജ് നായകനായി എത്തിയ 'കാപ്പ'യുടെ വന്‍ വിജയത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ടൊവിനോ ചിത്രത്തിന്‍റെ നിര്‍മാണം. തിയേറ്റർ ഓഫ് ഡ്രീംസ് തന്നയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നതും.
സന്തോഷ് നാരായണന്‍ ആണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും. സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. ജിനു വി എബ്രാഹാം ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. സൈജു ശ്രീധർ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, കലാസംവിധാനം - ദിലീപ് നാഥ്, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - സജി കാട്ടാക്കട, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.