ബെംഗളൂരു: സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തടയിടാനൊരുങ്ങി കര്‍ണാടക. ഇതിനായി മംഗളൂരുവില്‍ വര്‍ഗീയ വിരുദ്ധ സംഘം (ആന്‍റി കമ്മ്യൂണല്‍ വിങ്) രൂപീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സംഘത്തെ രൂപീകരിച്ചിട്ടുള്ളത്.
സിറ്റി സ്പെഷൽ ബ്രാഞ്ച് (സിഎസ്ബി) ഇൻസ്പെക്‌ടര്‍ ഷരീഫിന്‍റെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്. മംഗളൂരുവുവില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെയും അവയുടെ കാരണങ്ങളും കണ്ടെത്തി സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ തരത്തിലുമുള്ള വര്‍ഗീയ കേസുകളും ആന്‍റി കമ്മ്യൂണല്‍ വിങ് നിരീക്ഷിക്കും. നേരത്തെ വര്‍ഗീയ കേസുകളില്‍ അറസ്റ്റിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്‌ത പ്രതികളെ നിരീക്ഷിക്കും.
കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുള്ള 200 കേസുകളെ കുറിച്ച് സംഘം പഠനം നടത്തുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. വിദ്വേഷ പ്രസംഗം, സദാചാര പൊലീസ് ചമയല്‍, സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിക്കൽ, വർഗീയ വിദ്വേഷവുമായി ബന്ധപ്പെട്ട കന്നുകാലി മോഷണക്കേസുകൾ തുടങ്ങിയവയെല്ലാം സംഘം നിരീക്ഷിക്കും. ഇത്തരം വിഷയങ്ങള്‍ കണ്ടെത്തിയാല്‍ അതത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.
മംഗളൂരു സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് (സിഎസ്‌ബി) പൊലീസ് ഇന്‍സ്‌പെക്‌ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആന്‍റി കമ്മ്യൂണല്‍ വിങ്ങിന്‍റെ അംഗങ്ങളാണ്. മംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഇത്തരം കേസുകളിലെ പ്രതികളെ കാലാകാലങ്ങളില്‍ നിരീക്ഷിക്കാന്‍ നടപടി സ്വീകരിക്കും. വര്‍ഗീയ കലാപങ്ങളും സാമുദായിക സൗഹാര്‍ദത്തിന് ഭംഗം വരുത്തുന്നതുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംഘം നടപടി കൈക്കൊള്ളുകയും വേണമെന്ന് കമ്മിഷണര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വിവിധ സ്റ്റേഷനുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങളിലെ സ്ഥിരം പങ്കാളിത്തങ്ങളെ തിരിച്ചറിയും. സംഘര്‍ഷങ്ങളില്‍ പങ്കാളികളായ ആളുകള്‍ക്ക് പുറമെ സ്ഥിരം സാന്നിധ്യമായ രാഷ്‌ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുടെ വിവരങ്ങളും സംഘം ശേഖരിക്കും.
ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നിര്‍ദേശം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് ആഭ്യന്തര വകുപ്പില്‍ ഇത്തരമൊരു സംഘത്തെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടായത്. മംഗളൂരു പൊലീസില്‍ തന്നെ ആദ്യം പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലാണ് എപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. മംഗളൂരുവില്‍ വര്‍ഗീയ വിരുദ്ധ വിഭാഗം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ അഞ്ചിനാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര മംഗളൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ അധികരിച്ചിട്ടുണ്ടെന്നും ഇത് തടയുന്നതിനായി ദ്രുതഗതിയില്‍ നടപടി സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു സംഘം രൂപീകരിക്കണമെന്ന് അവലോക യോഗത്തില്‍ ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിരുന്നു. സാമുദായിക സൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന സംഭവങ്ങള്‍, അനാവശ്യ പൊലീസ് അതിക്രമങ്ങള്‍ എന്നിവ തടയാന്‍ ഉദ്ദേശിച്ച് രൂപീകരിച്ച ആന്‍റി കമ്മ്യൂണല്‍ വിങ് ഭരണപരമായ കാര്യമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.