ഋഷികേശ്: ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്‍റെ മകന്‍റെ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ട റിസപ്‌ഷനിസ്റ്റ് അങ്കിത ഭണ്ഡാരി വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 19കാരിയായ അങ്കിതയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകള്‍ മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവുകളാണ് അവയെല്ലാം എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുറിവുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ് അങ്കിതയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്തുവിട്ടത്. ഡോക്‌ടർമാരുടെ നാലംഗ സംഘമാണ് ശനിയാഴ്‌ച(24.09.2022) എയിംസിൽ പോസ്റ്റുമോര്‍ട്ടം നടത്തിയത്. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ അങ്കിതയുടെ അന്ത്യകർമങ്ങൾ നടത്താൻ കുടുംബം വിസമ്മതിച്ചു.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ തങ്ങള്‍ തൃപ്‌തരല്ലെന്നും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ അങ്കിതയുടെ അന്ത്യകർമങ്ങൾ നടത്തില്ലെന്നും പിതാവ് വീരേന്ദ്ര സിങ് ഭണ്ഡാരി പറഞ്ഞു. റിസപ്ഷനിസ്റ്റായി ജോലി ചെയ്‌തിരുന്ന റിസോർട്ട് തകർത്ത സംഭവം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് സഹോദരന്‍ അജയ് സിങ് ഭണ്ഡാരി പറഞ്ഞു. ഹരിദ്വാറിലെ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.
കേസുമായി ബന്ധപ്പെട്ട് പുൽകിത്തിനൊപ്പം മറ്റ് രണ്ടു പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്‌ച ഋഷികേശിനടുത്തുള്ള ചീല കനാലിൽ നിന്നാണ് അങ്കിതയുടെ മൃതദേഹം കണ്ടെത്തിയത്.