വിശാഖപട്ടണം: കൊച്ചിയില്‍ നടന്ന 20-ാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ അഭിമാന നേട്ടവുമായി ആന്ധ്രാപ്രദേശിലെ മിടുമിടുക്കി. വിശാഖപട്ടണം സ്വദേശിയായ ചരിഷ്‌മ കൃഷ്‌ണയാണ് ഒന്നാമതെത്തി കിരീടം സ്വന്തമാക്കിയത്. നൃത്തം, മോഡലിങ്, പഠനം എന്നിവയില്‍ മികവ് തെളിയിച്ച ഈ ബഹുമുഖ പ്രതിഭ, ആന്ധ്ര സർവകലാശാലയിലെ ഫൈൻ ആർട്‌സ് വിദ്യാര്‍ഥിനിയാണ്.
നേട്ടം 20 പേരെ മറികടന്ന്: ഓഗസ്റ്റ് ഒന്നിന് പെഗാസസ് എന്ന സംഘടനയാണ് സൗന്ദര്യമത്സരം നടത്തിയത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ മറികടന്നാണ് ചരിഷ്‌മ ഈ നേട്ടം സ്വന്തമാക്കിയത്. തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 20 പേരാണ് മത്സരിച്ചത്. കഴിഞ്ഞ വർഷം വിശാഖപട്ടണത്ത് നടന്ന 'മിസ് വിശാഖ്' സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത ചരിഷ്‌മ മൂന്നാമതെത്തിയിരുന്നു.
മൂന്നാം സ്ഥാനത്തുനിന്നും ഒന്നാമതെത്താന്‍ നടത്തിയ കഠിന പ്രയത്‌നങ്ങളാണ് മിസ് സൗത്ത് ഇന്ത്യ പട്ടം നേടാന്‍ ഈ മിടുക്കിക്ക് തുണയായത്. ചരിഷ്‌മയുടെ പിതാവ് അമേരിക്കയിൽ പി.എച്ച്.ഡി ചെയ്യുന്ന കാലയളവില്‍ അഞ്ചാം ക്ലാസുവരെ ആ രാജ്യത്താണ് പഠിച്ചത്. പിന്നീട്, കുടുംബം വിശാഖപട്ടണത്തേക്ക് മടങ്ങുകയുണ്ടായി. ആറാം ക്ലാസ് മുതൽ സ്വദേശത്താണ് പഠിച്ചത്. പഠനത്തോടൊപ്പം ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിലും ചരിഷ്‌മ മികവ് പുലര്‍ത്തി. ഇതുവരെ 30 വേദികളില്‍ നൃത്തം ചെയ്‌തിട്ടുണ്ട്.
നൃത്തം മോദിക്ക് മുന്‍പില്‍: നീന്തലിലും കുതിരസവാരിയിലും പ്രാവീണ്യം നേടിയ ചരിഷ്‌മ നടിയാകാനും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയുണ്ടായി. കഴിഞ്ഞ വർഷം 'ജടഗ' എന്ന സംഗീത ആൽബത്തിലും മിസ് സൗത്ത് ഇന്ത്യയുടെ സാന്നിധ്യമുണ്ടായി. കുഞ്ഞുനാള്‍ തൊട്ടേ നിരവധി കഴിവുകള്‍ പ്രകടിപ്പിച്ച മകൾ ഈ മിന്നും വിജയം നേടിയതില്‍ അതിയായ സന്തോഷത്തിലാണ് ചരിഷ്‌മയുടെ മാതാപിതാക്കൾ. കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മകള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കി കൂടെ നില്‍ക്കാനാണ് ഇവരുടെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത, 2016ലെ അന്താരാഷ്‌ട്ര വാർഷിപ്പ് റിവ്യൂവിൽ (International Warships Review) നൃത്തം ചെയ്യാനുള്ള അവസരവും ചരിഷ്‌മയ്ക്ക് ലഭിച്ചിരുന്നു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ കൈലാസഗിരി സന്ദർശനസമയം ഭരതനാട്യം അവതരിപ്പിക്കാനും ചരിഷ്‌മയ്ക്ക് കഴിഞ്ഞു. പോറ്റി ശ്രീരാമുലു തെലുഗു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട് ഈ യുവപ്രതിഭ. ആദിവാസി ബാപിരാജു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ യുഗാദി പ്രതിഭ പുരസ്‌കാരവും ഈ സൗത്ത് ഇന്ത്യന്‍ സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്.