ചോടവാരം (ആന്ധ്രാപ്രദേശ്) : അധ്യാപകര്‍ എംഎല്‍എമാരായ കഥ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ കഥ തരിച്ചാണ്. ചോടവാരം എംഎല്‍എ കരണം ധർമശ്രീക്ക് കഴിഞ്ഞ ദിവസം ഒരു രജിസ്റ്റേഡ് പോസ്റ്റ് വന്നു. പരാതികളുടേയും നിവേദനങ്ങളുടേയും കൂട്ടത്തില്‍ നിന്നും വ്യത്യസ്‌തമായിരുന്നു ആ പോസ്റ്റല്‍ കവര്‍.
കത്ത് ആന്ധ്രാപ്രദേശ് സര്‍ക്കാറില്‍ നിന്നാണ്. കത്ത് പൊട്ടിച്ച് വായിച്ച അദ്ദേഹം ഏറെ സന്തോഷവാനായി. എന്താണ് കാരണം എന്നല്ലേ. "സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചു" എന്നായിരുന്നു കത്തില്‍. 23 വര്‍ഷം മുമ്പാണ് അദ്ദേഹം പരീക്ഷ എഴുതിയിരുന്നത്. 1998ലാണ്, ബിഎ സോഷ്യല്‍ ആന്‍ഡ് ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയ അദ്ദേഹം സര്‍ക്കാര്‍ അധ്യാപകനാകാനുള്ള പരീക്ഷ എഴുതുന്നത്.
പരീക്ഷ നടന്നെങ്കിലും ഈ ലിസ്റ്റുമായി ബന്ധപ്പെട്ട ചില തര്‍ക്കത്തെ തുടര്‍ന്ന് നിയമനം സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ജോലി ലക്ഷ്യം വച്ച് നടന്നിരുന്ന ധര്‍മശ്രീ അതിനിടെ രാഷ്ട്രീയത്തില്‍ സജീവമായി. 2004ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംഎല്‍എയുമായി.
തന്‍റെ 30ാം വയസിലാണ് പരീക്ഷ എഴുതിയത് എന്ന് അദ്ദേഹം പറയുന്നു. ജനസേവനം ലക്ഷ്യംവച്ചായിരുന്നു അന്ന് താന്‍ അധ്യാപക ജോലിക്ക് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് കോടതി ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ഇത് അംഗീകരിച്ച ജഗന്‍ മോഹന്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. സെലക്ഷൻ ലിസ്റ്റ് അംഗീകരിച്ചതിന് മുഖ്യമന്ത്രിക്ക് അദ്ദേഹം നന്ദി അറിയിച്ചു.