കര്‍ണൂല്‍ (ആന്ധ്രാപ്രദേശ്) : പുതുവര്‍ഷത്തിന്‍റെ ഭാഗമായുള്ള ആഘോഷങ്ങളില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നതും നിശ പാര്‍ട്ടിയുമെല്ലാമാവും മലയാളികള്‍ക്ക് സുപരിചിതമായിരിക്കുക. എന്നാല്‍ ഹൈന്ദവ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷമായ 'ഉഗാദി'യെ തുടര്‍ന്ന് രാജ്യത്തിന്‍റെ പലയിടത്തായി വേറിട്ട ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ഇതില്‍ തന്നെ ആന്ധ്രയിലെ കര്‍ണൂര്‍ ജില്ലയിലുള്ള കൈരുപ്പുല ഗ്രാമത്തിലും കല്ലൂരു മണ്ഡലിലും നടന്ന വിനോദങ്ങളില്‍ അധിഷ്‌ഠിതമായുള്ള ആഘോഷങ്ങളാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.
ആഘോഷം ഇങ്ങനെ : കൈരുപ്പുല ഗ്രാമത്തിലെ ഗ്രാമനിവാസികള്‍ ഉഗാദിയെ ആഘോഷമാക്കിയത് വേറിട്ട രീതിയിലാണ്. പ്രത്യേക ഇടത്തില്‍ ഒരുമിച്ച് കൂടിയ ശേഷം ഇവര്‍ പരസ്‌പം ചാണക കേക്ക് എറിയുകയായിരുന്നു. മത്സരത്തിന്‍റെ തീവ്രത അവര്‍ എറിയുന്നതില്‍ പ്രകടമാണെങ്കിലും, ചെന്നുപതിക്കുന്നവരില്‍ സാരമായ അപകടങ്ങള്‍ സംഭവിക്കാത്ത തരത്തിലുള്ള മത്സരമാണ് ഇത് എന്നത് ആഘോഷത്തിന്‍റെ സവിശേഷതയായി പരിഗണിക്കാം.
ഐതിഹ്യം കൊണ്ടുവന്ന വിനോദം: ഗ്രാമവാസികള്‍ പരസ്‌പരം ചാണക കേക്ക് എറിയുന്ന ഈ ആഘോഷം കൗതുകകരമായ ഒരു വിനോദം മാത്രമല്ല, മറിച്ച് ഇതിന് ഐതിഹ്യത്തിന്‍റെ പിന്‍ബലവുമുണ്ട്. ഉഗ്രമൂര്‍ത്തികളായ വീരഭദ്ര സ്വാമിയുടെയും ഭദ്രകാളി ദേവിയുടെയും വിവാഹത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നാണ് ഈ ആഘോഷം പിറക്കുന്നത്. അതായത് അതിപുരാതനകാലമായ ത്രേതായുഗത്തിലാണ് വീരഭദ്ര സ്വാമിയും ഭദ്രകാളിയും തമ്മില്‍ പ്രണയബന്ധിതരാകുന്നതെന്നാണ് വിശ്വാസം. എന്നാല്‍ ദേവിയുമായുള്ള വിവാഹം വീരഭദ്ര സ്വാമി മാറ്റിവയ്‌ക്കുകയായിരുന്നു.
മുടങ്ങിയ വിവാഹവും, ചാണകം എറിയലും: അകാരണത്താല്‍ വിവാഹം നീട്ടിവയ്‌ക്കുന്ന ഈ നടപടിയോട് കാളിക്ക് യോജിപ്പുണ്ടായിരുന്നില്ല. മാത്രമല്ല വിവാഹം കഴിക്കാമെന്നറിയിച്ച് വഞ്ചിക്കുന്നതാവാമെന്നും ദേവി സംശയിച്ചു. ദേവിയുടെ മനോവിഷമം മനസിലാക്കിയ ഭക്തര്‍, വീരഭദ്ര സ്വാമിയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു.
ഇതിനായി ചാണക കേക്കുകളും വടിയുമെല്ലാം ഒരുക്കി അവര്‍ കാത്തിരിപ്പും ആരംഭിച്ചു. ദേവീഭക്തര്‍ അപമാനിക്കുന്നതിനായി തക്കം പാര്‍ത്തിരിക്കുകയാണെന്നറിഞ്ഞും വീരഭദ്ര സ്വാമി തന്‍റെ പ്രണയിനിയെ കാണാനായി ദേവിയുടെ നടയിലേക്ക് നടന്നടുത്തു. ഈ സമയത്ത് സ്വാമിയുടെ വരവ് കണ്ട ദേവീ ഭക്തര്‍ അദ്ദേഹത്തെ ചാണക കേക്ക് കൊണ്ട് എറിയുകയായിരുന്നുവെന്നാണ് ഐതിഹ്യം.
മനോഹരമായ ആചാരം : തലമുറകള്‍ കൈമാറി വന്ന ഈ വിശ്വാസത്തില്‍ നിന്നാണ് കൈരുപ്പുല ഗ്രാമത്തിലെ ഉഗാദിയി ആഘോഷവും അരങ്ങേറുന്നത്. ചടങ്ങിന്‍റെ ഭാഗമായി റെഡ്ഡി കുടുംബത്തിലെ കുറച്ചുപേര്‍ കരുമാഞ്ചി ഗ്രാമത്തിൽ നിന്ന് കൈരുപ്പാല ഗ്രാമത്തിലേക്ക് കുതിരപ്പുറത്തെത്തും. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തും. ഇതിന് പിന്നാലെ പ്രദേശത്ത് തടിച്ചുകൂടിയവര്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പരസ്‌പരം ചാണക കേക്ക് എറിയലും ആരംഭിക്കും.
ഇതിനെ തുടര്‍ന്ന് പരിക്കേല്‍ക്കുന്നവര്‍ ദേവീ സന്നിധിയിലെത്തി പ്രാര്‍ഥിച്ച് മുറിവുകളില്‍ വിഭൂതി ഭസ്‌മം പുരട്ടി വീടുകളിലേക്ക് മടങ്ങുകയും ചെയ്യും. ചടങ്ങ് നടന്ന് രണ്ടാം നാള്‍ ഗ്രാമനിവാസികളെല്ലാം ചേര്‍ന്ന് ഭദ്രകാളി ദേവിയുടെയും വീരഭദ്ര സ്വാമിയുടെയും വിവാഹം കെങ്കേമമായി നടത്തുകയും ചെയ്യുന്നതോടെയാണ് ആഘോഷത്തിന് അവസാനമാവുക.
ആഘോഷനിറവ് : കര്‍ണൂല്‍ ജില്ലയിലെ തന്നെ കല്ലൂരു മണ്ഡലാണ് വ്യത്യസ്‌തമായ ഉഗാദി ആഘോഷം നടക്കുന്ന മറ്റൊരിടം. ഗ്രാമവാസികള്‍ ചെളിയിലൂടെ കഴുതപ്പുറത്തും കാളവണ്ടികളിലുമെത്തി ചൗദേശ്വരി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തുന്നതാണ് ഇവിടെയുള്ള രസകരമായ ആചാരം. മൂന്ന് ദിവസമായാണ് ഇവിടെ ഉഗാദി ആഘോഷങ്ങള്‍ നടക്കുക.
ഇതില്‍ ആദ്യദിവസം ഗ്രാമവാസികള്‍ ക്ഷേത്രത്തിന് ചുറ്റും മണ്ണും കളിമണ്ണുമെല്ലാം വിരിച്ച് ഒരുക്കങ്ങള്‍ നടത്തും. രണ്ടാംദിനമായ ഉഗാദി ദിനത്തില്‍ പ്രദേശവാസികള്‍ കഴുതപ്പുറത്തും കാളവണ്ടികളിലുമെത്തി ഇതിലൂടെ ക്ഷേത്ര പ്രദക്ഷിണം നടത്തും. ഇതിലൂടെ ഭാഗ്യവും കാര്‍ഷിക അഭിവൃദ്ധിയും കൃഷിക്ക് ആവശ്യമായ മഴയും ലഭിക്കുമെന്നാണ് വിശ്വാസം. ആഘോഷത്തിന്‍റെ ഭാഗമാവാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നും നിരവധിപേര്‍ ഇങ്ങോട്ട് ഒഴുകിയെത്താറുണ്ട്.