സൂറത്ത്: ഹിന്ദി മറ്റ് ഭാഷകളുടെ എതിരാളിയല്ല, മറിച്ച് സുഹൃത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ എല്ലാ ഭാഷകളും അവയുടെ വളര്‍ച്ചയ്‌ക്കു വേണ്ടി മറ്റ് ഭാഷകളെ ആശ്രയിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഇന്ന്(14.08.2022) സൂറത്തില്‍ വച്ച് നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രാദേശിക ഭാഷകളുടെ പ്രധാന്യം കുറച്ചുകൊണ്ട് ഹിന്ദിയ്ക്ക് പ്രാധാന്യം നല്‍കുക എന്നത് തെറ്റായ സന്ദേശമാണ്. ഹിന്ദിക്കൊപ്പം തന്നെ പ്രാദേശിക ഭാഷയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പ്രാദേശിക ഭാഷകളെ അംഗീകരിക്കുന്നതിനൊപ്പം തന്നെ മറ്റ് ഭാഷയില്‍ നിന്നും വാക്കുകള്‍ കടമെടുത്ത് ഹിന്ദിയുടെ വ്യാകരണം ശക്തിപെടുത്തണമെന്ന്' അമിത് ഷാ പറഞ്ഞു.
എല്ലാ ഭാഷകളുടെയും വളര്‍ച്ചയായിരിക്കണം ലക്ഷ്യം: 'ഗുജറാത്തി, ഹിന്ദി, തമിഴ്, മറാത്തി തുടങ്ങിയ ഭാഷകള്‍ എതിരാലികളാണെന്ന് തെറ്റായ പ്രചാരണം നടക്കുന്നു. എന്നാല്‍ ഹിന്ദി എല്ലാ ഭാഷകളുടെയും സുഹൃത്താണ്. പ്രാദേശിക ഭാഷകള്‍ പുരോഗതി പ്രാപിക്കുമ്പോള്‍ ഹിന്ദി വളരുന്നു. തിരിച്ചും അങ്ങനെ തന്നെയാണ്'.
'എല്ലാവരും ഇത് അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യണം. നിലവിലുള്ള ഭാഷകളെ അംഗീകരിച്ചില്ല എങ്കില്‍ നമ്മുടെ മാതൃഭാഷയില്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും. അതിനാല്‍ എല്ലാ ഭാഷകളുടെയും വളര്‍ച്ചയായിരിക്കണം നമ്മുടെ ലക്ഷ്യം' അമിത് ഷാ വ്യക്തമാക്കി.
'ഹിന്ദി എല്ലാവരും ഉൾക്കൊള്ളുന്ന ഭാഷയാണ്. ഹിന്ദിയിൽ 264, ഉർദുവിൽ 58, തമിഴിൽ 19, തെലുങ്കിൽ 10, പഞ്ചാബിയിലും ഗുജറാത്തിയിലും 22 വീതം, മറാത്തിയിൽ 123, സിന്ധിയിൽ ഒമ്പത്, ഒഡിയയിൽ 11, ബംഗ്ലയിൽ 24, കന്നഡയിൽ ഒന്ന് എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിലെ സാഹിത്യകൃതികൾ ബ്രിട്ടീഷുകാർ നിരോധിച്ചിരുന്നു. ഇത്തരം ഭാഷകള്‍ സ്വാതന്ത്ര്യ സമരത്തിന് എത്രത്തോളം എതിരായിരുന്നു എന്നതിന്‍റെ സൂചനയാണിത്.
വൈവിധ്യമാര്‍ന്ന ഭാഷകള്‍ രാജ്യത്തിന്‍റെ കരുത്ത്: 'വിദേശ ഭാഷകളിൽ നിന്ന് ഉയർന്നുവരുന്ന ചിന്തകളേക്കാൾ പ്രാദേശിക ഭാഷകളിൽ നിന്ന് ഉയർന്നുവരുന്ന തദ്ദേശീയ ചിന്തകളിൽ നിന്ന് നയങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഒരു ഭാഷ മറ്റ് ഭാഷകളിൽ നിന്നുള്ള വാക്കുകൾ സ്വീകരിക്കുന്നതിലൂടെ അധഃപതിക്കുകയല്ല, പകരം അതിന്റെ വ്യാപ്‌തി വിശാലമാകുന്നു. ഹിന്ദി എല്ലാവര്‍ക്കും വഴക്കമുള്ളതാക്കണം. അങ്ങനെ ചെയ്യാത്തിടത്തോളം നമുക്ക് ഹിന്ദിയെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയില്ല' കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.
'നമ്മുടെ ചരിത്രവും സാഹിത്യസൃഷ്‌ടികളെയും കുറിച്ച് പഠിക്കണമെങ്കില്‍ രാഷ്‌ട്ര ഭാഷ ആദ്യം പഠിക്കണം പിന്നീട് മറ്റ് ഭാഷകളെ വളര്‍ത്തേണ്ടതുണ്ട്. എല്ലാ ഭാഷകളും അതിന്‍റേതായ രീതിയില്‍ സമ്പന്നമാണ്. വൈവിധ്യമാര്‍ന്ന ഭാഷകള്‍ ഇന്ത്യ എന്ന രാജ്യത്തിന്‍റെ കരുത്താണ്'.
'ഇന്ത്യയുടെ സംസ്‌കാരം, പാരമ്പര്യം, സാഹിത്യം, ആളുകളുടെ സഹവര്‍ത്തിത്വം എന്നിവ കാത്തുസൂക്ഷിക്കുന്നതില്‍ ഭാഷകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. തങ്ങളുടെ തന്നെ മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് ഹിന്ദി വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കാന്‍ സാധിക്കും'.
'പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് എട്ടാം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠനം അത്യാവശ്യമാണ്. പ്രസിദ്ധീകരിച്ച സാഹിത്യങ്ങളും നിലവാരമുള്ള വിദ്യാഭ്യാസവും പ്രാദേശിക ഭാഷകളില്‍ നല്‍കും. കൂടാതെ പത്ത് സംസ്ഥാനങ്ങളിലെ 20 എൻജിനീയറിങ് കോളജുകളിലെ സിലബസ് മാതൃഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന്' അമിത് ഷാ കൂട്ടിച്ചേര്‍ത്തു.