ബോളിവുഡ് ഷഹന്‍ഷാ അമിതാഭ് ബച്ചൻ പിറന്നാൾ നിറവിലാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ ബിഗ് ബിക്ക് ഇന്ന് 81 വയസ് പൂർത്തിയായിരിക്കുന്നു. അതെ, ഒരു മനുഷ്യായുസിന്‍റെ ബഹുദൂരവും താണ്ടിയ ബച്ചൻ എന്നാല്‍ ഇന്നും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നതിൽ തെല്ലും പിന്നോട്ടുപോയിട്ടില്ല (Amitabh Bachchan's 81st Birth Day).
81-ാം വയസിലും ഷൂട്ടിംഗ് സെറ്റുകളിലേക്കുള്ള യാത്രകളിലാണ് അമിതാഭ് ബച്ചൻ എന്ന പകരംവയ്‌ക്കാനില്ലാത്ത ചലച്ചിത്രകാരൻ. തന്‍റെ പ്രായത്തെ ആഘോഷമാക്കുക കൂടിയാണ് ബച്ചൻ. മറ്റാർക്കും സാധ്യമാകാത്തവണ്ണം ചുറുചുറുക്കോടെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ അദ്ദേഹം സാന്നിധ്യമറിയിക്കുന്നു.
ഇന്ത്യൻ സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ സംഭവബഹുലമായ ഒരു ഏടായി ബച്ചൻ തല ഉയർത്തി നിൽക്കുന്നതായി കാണാം. ശബ്‌ദം മോശമാണെന്ന് പറഞ്ഞ് ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ലഭിക്കാത്ത ബച്ചന്‍റെ പോയകാല ചരിത്രം നമുക്കറിയാം. പിന്നീട് അതേ ശബ്‌ദവും ആ ശബ്‌ദത്തിലുള്ള ഗാനങ്ങളും ഇന്ത്യയെമ്പാടുമുള്ള ടെലിവിഷൻ ചാനലുകളിലും റേഡിയോകളിലും അലയടിച്ചത് ചരിത്രം.
അഭിനേതാവായിട്ടല്ല, മറിച്ച് വോയ്‌സ് ഓവർ ആർട്ടിസ്റ്റായി ആയിരുന്നു അദ്ദേഹത്തിന്‍റെ സിനിമയിലേക്കുള്ള രംഗപ്രവേശം. മൃണാൽ സെന്നിന്‍റെ 'ഭുവൻ ഷോം' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി ബച്ചൻ ശബ്‌ദം നൽകിയത്. 1969ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്.
ഇൻക്വിലാബ് ശ്രീവാസ്‌തവയിൽ നിന്ന് അമിതാഭ് ബച്ചനിലേക്ക് : 1942ൽ പ്രയാഗ്‌രാജിലാണ് അമിതാഭിന്‍റെ ജനനം. അച്ഛൻ ഹിന്ദി കവി ഹരിവൻഷ് റായ് ബച്ചൻ, അമ്മ സാമൂഹ്യ പ്രവർത്തക തേജി ബച്ചൻ. ഇൻക്വിലാബ് ശ്രീവാസ്‌തവ എന്നായിരുന്നു അമിതാഭ് ബച്ചന് ആദ്യം നൽകിയിരുന്ന പേര്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി അലയടിച്ച 'ഇൻക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യങ്ങളിൽ ആകൃഷ്‌ടനായി ഹരിവൻഷ് മകന് ആ പേര് തന്നെ നൽകുകയായിരുന്നു. എന്നാൽ പിന്നീട് ഹരിവൻഷിന്‍റെ സുഹൃത്തും കവിയുമായിരുന്ന സുമിത്രാനന്ദൻ പന്ത് അമിതാഭ് എന്ന പേര് നിർദേശിച്ചു.
എത്രയെത്ര സിനിമകൾ, എത്രയെത്ര വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍...
'മൃത്യുദാദ' എന്ന ചിത്രത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് 'ബിഗ് ബി' എന്ന പേര് ലഭിക്കുന്നത്. തൊണ്ണൂറുകളിൽ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയ ചലച്ചിത്രമായിരുന്നു ഇത്. എണ്ണമറ്റ കഥാപാത്രങ്ങളും വൈവിധ്യമാർന്ന ഭാവാഭിനയങ്ങളുമാണ് അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്.
1970കളുടെ തുടക്കത്തിൽ 'ആനന്ദ്, സഞ്ജീർ, റൊട്ടി കപട ഔർ മകാൻ, ദീവാർ, ഷോലെ' തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം ജനപ്രീതി ആർജിക്കുന്നത്. പിന്നീടുള്ള വർഷങ്ങളിൽ വലിയ താരപരിവേഷത്തിലേക്ക് നടന്നുകയറാൻ അദ്ദേഹത്തിനായി. പിന്നാലെ ഇന്ത്യയുടെ 'ആങ്ക്രി യംഗ് മാൻ' എന്ന ടൈറ്റിലും ബച്ചൻ സ്വന്തമാക്കി.
1970കളുടെ പകുതി മുതൽ 80കൾ വരെ നിരൂപക പ്രശംസ നേടിയ, 'അമർ അക്ബർ ആന്‍റണി, ഡോൺ, ത്രിശൂൽ, മുഖദ്ദർ കാ സിക്കന്ദർ, സുഹാഗ്, ദോസ്‌താന, കാലിയ, ലാവാരിസ്, നസീബ്, നമക് ഹലാൽ, കൂലി, ഷറാബി, മാരദ്' തുടങ്ങിയ സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'നമക് ഹറാം, അഭിമാൻ, മജ്‌ബൂർ, മിലി, ചുപ്‌കെ ചുപ്‌കെ, കഭി കഭി, കാല പത്താർ, ഷാൻ, സിൽസില, ശക്തി, ഷഹെൻഷാ, അഗ്നിപഥ് എന്നിവയിലെയും പ്രകടനങ്ങൾക്ക് അദ്ദേഹം കൈയ്യടികൾ വാരിക്കൂട്ടി.
1990-കളിൽ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ബച്ചൻ 2000-ൽ 'മൊഹബത്തേനി'ലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പിന്നീട് 'കഭി ഖുഷി കഭി ഗം, ആംഖേൻ, ബാഗ്ബാൻ, വീർ-സാര ബ്ലാക്ക്, ബണ്ടി ഔർ ബബ്ലി, സർക്കാർ, കഭി അൽവിദ നാ കെഹന, ചീനി കം, പാ, പികു, പിങ്ക്, ബദ്‌ല, 102 നോട്ടൗട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.
ഇനിയും ഒട്ടനവധി സിനിമകളാണ് അദ്ദേഹത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതും. സീരീസുകളിലും സമീപകാലത്ത് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 'ഗുലാബോ സിതാബോ'യിലെ മിര്‍സ നവാബിനെ എങ്ങനെ മറക്കും നമ്മൾ!
മറക്കാനാവുമോ ഈ പേരുകൾ : സഞ്ജീറിലെ ഇന്‍സ്‌പെക്‌ടര്‍ വിജയ് ഖന്ന, ദീവാറിലെ വിജയ് വര്‍മ്മ, മിലിയിലെ ശേഖര്‍ ദയാല്‍, കഭി കഭിയിലെ അമിതാഭ് മല്‍ഹോത്ര, അമര്‍ അക്ബര്‍ ആന്‍റണിയിലെ ആന്‍റണി ഗോണ്‍സാല്‍വസ് ഇവരെല്ലാം ഒരു തലമുറയെയാകെ ആവേശം കൊള്ളിച്ച കഥാപാത്രങ്ങളാണ്. തീർന്നില്ല, സില്‍സിലയിലെ അമിത് മല്‍ഹോത്ര, മുഖദ്ദര്‍ കാ സികന്ദറിലെ സികന്ദര്‍, ശക്തിയിലെ വിജയ് കുമാര്‍, കൂലിയിലെ ഇക്ബാല്‍ ഖാന്‍, അഗ്‌നിപഥിലെ വിജയ് ദിനനാഥ് ചൗഹാന്‍, ഖുദാ ഗവയിലെ ബാദ്ഷാ ഖാന്‍, ബണ്‍ടി ഔര്‍ ബബ്ലിയിലെ ദശരഥ് സിംഗ്, ചീനി കമ്മിലെ ബുദ്ധദേബ് ഗുപ്‌ത 102 നോട്ടൗട്ടിലെ ദത്താത്രേയ വഖാരിയ, പികുവിലെ ഭാഷ്‌കര്‍ ബാനര്‍ജി അങ്ങനെ എണ്ണമറ്റ, മികവുറ്റ കഥാപാത്രങ്ങൾ.