ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയിൽ സമാധാനം സ്ഥാപിച്ചതിന് ശേഷം മാത്രമേ ബിജെപി സർക്കാർ അഫ്‌സ്‌പ (സായുധ സേനയ്‌ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം) പിന്‍വലിക്കുകയുള്ളുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുമായി ബന്ധപ്പെട്ട് പ്രീണനത്തിനായി ഒന്നും ചെയ്യില്ല. ശനിയാഴ്‌ച (ഒക്‌ടോബര്‍ 8) ഗുവാഹത്തിയില്‍ വച്ചാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രസ്‌താവന നടത്തിയത്.
''2019ൽ അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്ന് അഫ്‌സ്‌പ നീക്കം ചെയ്യാന്‍ ഒരു അജണ്ട, രാഹുൽ ഗാന്ധി മുന്നോട്ടുവച്ചിരുന്നു. പക്ഷേ, എന്നോട് ഇതുസംബന്ധിച്ച് ചോദിച്ചാല്‍ ആദ്യം വടക്കുകിഴക്കൻ മേഖലയിൽ സമാധാനം കൊണ്ടുവരാനും അതിനുശേഷം മാത്രമേ അഫ്‌സ്‌പ നീക്കം ചെയ്യുള്ളുവെന്നും ഞാൻ പറയും. ഇത് എന്തെങ്കിലും തരത്തിലുള്ള പ്രീണനത്തിനായി ചെയ്യേണ്ട ഒന്നല്ല'', അസമില്‍ പുതുതായി നിർമിച്ച ബിജെപി ഓഫിസിന്‍റെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ അഭിസംബോധന ചെയ്യവെ ഷാ വ്യക്തമാക്കി.
95,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഗുവാഹത്തിയിലെ അടൽ ബിഹാരി വാജ്‌പേയി ഭവനെന്ന ബിജെപിയുടെ പുതിയ പാര്‍ട്ടി ഓഫിസ്. വടക്കുകിഴക്കൻ മേഖലയിലെ പാർട്ടിയുടെ ഏറ്റവും വലിയ ഓഫിസാണിത്. എല്ലാവിധത്തിലുമുള്ള ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് ഓഫിസ്.