ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ആഗ്രഹിക്കുന്നത്ര സമയം ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയം ചര്‍ച്ച ചെയ്യാമെന്നറിയിച്ച് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു. ലോക്‌സഭയിൽ മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ഹ്രസ്വ ചർച്ചയ്ക്ക് മറുപടിയായി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ചര്‍ച്ചയ്‌ക്ക് തയ്യാര്‍: അവർ ആഗ്രഹിക്കുന്നിടത്തോളം സമയം ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സർക്കാർ ഒന്നിനെയും ഭയപ്പെടുന്നില്ല. മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചർച്ച ചെയ്യാമെന്നും ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും അമിത് ഷാ പറഞ്ഞു.
ഈ മുദ്രാവാക്യം വിളിക്കുന്ന ആളുകൾക്ക് സഹകരണത്തിലോ നിസഹകരണത്തിലോ ദലിതുകളുടെയോ വനിത ക്ഷേമത്തിലോ ഒന്നുംതന്നെ താൽപ്പര്യമില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്ല് ശബ്‌ദവോട്ടോടെ സഭ ബിൽ പാസാക്കി. തുടര്‍ന്ന് ബുധനാഴ്‌ച ചേരുന്നതിനായി സഭ ഉടന്‍ തന്നെ പിരിഞ്ഞു.
ചര്‍ച്ചയ്‌ക്ക് ക്ഷണം മുമ്പും: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസവും പ്രതികരിച്ചിരുന്നു. മണിപ്പൂരിനെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരിക്കെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതേച്ചൊല്ലി സഭയ്‌ക്കകത്ത് പ്രതിപക്ഷ ബഹളം നടക്കുന്നതിനാല്‍ അമിത് ഷായ്‌ക്ക് തന്‍റെ പ്രസംഗം പോലും മുഴുവനാക്കാന്‍ കഴിഞ്ഞിരുന്നില്ല.
മണിപ്പൂരിൽ ചർച്ചയ്ക്ക് ഞാൻ തയ്യാറാണെന്നും പ്രതിപക്ഷത്തിന് അത് ആവശ്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമായിരുന്നു അമിത് ഷായുടെ കഴിഞ്ഞദിവസത്തെ പ്രതികരണം. പ്രതിപക്ഷ നേതാക്കളോട് സംവാദത്തിന് തയ്യാറാവണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ഈ വിഷയത്തിൽ രാജ്യത്തിന് മുന്നിൽ സത്യം പുറത്തുവരേണ്ടത് പ്രധാനമാണെന്നും അദ്ദേഹംഅറിയിച്ചിരുന്നു. എന്നാല്‍ മണിപ്പൂരിലെ സംഭവവികാസങ്ങളെ ചൊല്ലി ലോക്‌സഭ തിങ്കളാഴ്‌ച പകല്‍ മൂന്നുതവണ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിരുന്നു.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സഭ വീണ്ടും ചേര്‍ന്നപ്പോഴായിരുന്നു മണിപ്പൂര്‍ വിഷയത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി അമിത് ഷാ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം തന്നെ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കർ ഓം ബിർള സഭ നടപടികൾ നിർത്തിവയ്‌ക്കുകയായിരുന്നു.
ബഹളത്തില്‍ മുങ്ങി സഭ: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിയായ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തിങ്കളാഴ്‌ച സഭ ചേര്‍ന്നയുടന്‍ കോൺഗ്രസ് എംപി രഞ്ജീത് രഞ്ജൻ റൂൾ 267 പ്രകാരം സഭ നടപടികള്‍ മാറ്റിവച്ച് അടിയന്തര പ്രാധാന്യമുള്ള മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടിസ് നല്‍കിയിരുന്നു.
മാത്രമല്ല പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്രവും മണിപ്പൂർ സർക്കാരും പരാജയമാണെന്നും മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഗുരുതരമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു രഞ്ജീത് രഞ്ജൻ നോട്ടിസ് സമര്‍പ്പിച്ചിരുന്നത്.