പുതുച്ചേരി: പുതുച്ചേരിയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ ഫെബ്രുവരി 22ന് പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്ന് പുതുച്ചേരി നിയമസഭ സെക്രട്ടറി ആർ മൗനിസാമി. പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദരരാജൻ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടതിനെത്തുടർന്നാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നത്. ഭരണപക്ഷത്ത് നിന്ന് നാല് എംഎൽഎമാർ അടുത്തിടെ രാജിവച്ചതിനെത്തുടർന്നാണ് ഗവർണർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.
33 അംഗ നിയമസഭയിൽ ഇപ്പോൾ കോൺഗ്രസിന് 10 എംഎൽഎമാരും ഡിഎംകെയുടെ മൂന്ന് എംഎൽഎമാരും, ഒരു സ്വതന്ത്ര എംഎൽഎയും ഉൾപ്പടെ 14 എംഎൽഎമാരുടെ പിന്തുണയാണ് ഉളളത്. പ്രതിപക്ഷത്തിൽ എൻ ആർ കോൺഗ്രസിൽ ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎൽഎമാരുമാണുള്ളത്. അതോടൊപ്പം മൂന്ന് നോമിനേറ്റഡ് എംഎൽമാർ ഉൾപ്പടെ 14 പേരാണ് പ്രതിപക്ഷത്തുളളത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശ്രമിക്കുകയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ആരോപിച്ചു. ”എൽ ജി തമിഴിസൈ സൗന്ദരരാജൻ വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തന്‍റെ വസതിയിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നുവെന്നും ഘടകക്ഷിയായ ഡിഎംകെയുടെ എംഎൽഎ മാരുമായും നേതാക്കൻമാരുമായും ചർച്ച ചെയ്യ്തതായി നാരായണസാമി പറഞ്ഞു. ഫെബ്രുവരി 21നും ചർച്ചകൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.