ലഖ്‌നൗ: ഡോ.റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെ മർദനമേറ്റ 40കാരി മരിച്ചു. ആശുപത്രിയിൽ വച്ച് ഡോക്‌ടർന്മാർ പീഡിപ്പിക്കുകയും ആശുപത്രി ജീവനക്കാർ മർദിക്കുകയും ചെയ്‌തെന്നാണ് 40കാരിയുടെ മകളുടെ ആരോപണം.
ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് സ്‌ത്രീയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. അതേ സമയം ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
അന്വേഷണത്തിന് ഉത്തരവിട്ട് സ്മൃതി ഇറാനി
വിഷയത്തിൽ 40കാരിയുടെ മകൾ കേന്ദ്രമന്ത്രിയെ സമീപിച്ചു. കേന്ദ്രമന്ത്രിയുടെ അമേഠി സന്ദർശനത്തിനിടെയാണ് മകൾ സ്‌മൃതി ഇറാനിയെ സന്ദർശിച്ചത്. വിഷയത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി അമേഠി ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയമിച്ചു. അതേ സമയം ഇത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും ആശുപത്രി വക്താവ് പറഞ്ഞു.
ഗൗരിഗഞ്ചിലെ അമേഠി ജോയിന്‍റ് ജില്ലാ ആശുപത്രിയിൽ ജൂൺ ആറിനാണ് 40കാരിയെ പ്രവേശിപ്പിച്ചതെന്നും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലഖ്നൗവിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇവരുടെ മകൾ പറഞ്ഞു.
എമർജൻസി വാർഡിൽ പ്രവേശിപ്പിച്ച 40കാരിയെ നാലാം നിലയിലേക്ക് മാറ്റിയെന്നും രോഗിയോടൊപ്പം കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും മകൾ ആരോപിച്ചു. തുടർച്ചയായ അപേക്ഷകൾക്ക് ശേഷമാണ് അമ്മയെ കാണാൻ അനുവദിച്ചതെന്നും അപ്പോള്‍ ആരോഗ്യസ്ഥിതി വളരെ മോശമായെന്നും മകൾ പറഞ്ഞു. അബോധാവസ്ഥയിലിരിക്കെയാണ് 40കാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് വാങ്ങി മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ALSO READ: കരിദിനമാചരിച്ച് ലക്ഷദ്വീപ് ജനത