ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അമര്‍നാഥിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ 16 ആയി. നാല്‍പ്പതോളം പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേന ഡിജി അതുല്‍ കര്‍വാള്‍. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ദുരന്ത നിവാരണ സേന, കരസേന, എസ്‌ഡിആര്‍എഫ്, ബിഎസ്‌എഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്. നിലവില്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ഇല്ലെന്നും, മഴ തുടരുന്നുണ്ടെന്നും അതുല്‍ കര്‍വാള്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയുടെ രണ്ട് ഹെലികോപ്‌ടറുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ വ്യോമ മാര്‍ഗമാണ് ബേസ് ക്യാമ്പില്‍ എത്തിക്കുന്നത്. തീര്‍ഥയാത്ര ഇപ്പോഴും നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ഐടിബിപി അധികൃതര്‍ വ്യക്തമാക്കി.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപം കുടുങ്ങിയ 15,000-ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഐടിബിപി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ(8.07.2022) വൈകുന്നേരത്തോടെ ആരംഭിച്ച ഒഴിപ്പിക്കല്‍ നടപടി ഇന്ന് പുലര്‍ച്ചെയോടയാണ് അവസാനിച്ചത്.
ഇന്നലെ വൈകിട്ടാണ് തീര്‍ഥാടനം നടക്കുന്ന അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം നടന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് മിന്നല്‍ പ്രളയവും രൂപപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
ദുരന്തത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ലെഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി, ആവശ്യമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈ ആഴ്‌ച ആദ്യം അമര്‍നാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്രാവശ്യം അമര്‍നാഥ് യാത്ര നടത്തുന്നത്. ഏകദേശം ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഇപ്രാവശ്യം ഇതുവരെ ഗുഹാക്ഷേത്രം സന്ദര്‍ശിച്ചതായാണ് പുറത്തുവരുന്ന വിവരം. ജൂണ്‍ 30-ന് ആരംഭിച്ച അമര്‍നാഥ് തീര്‍ഥയാത്ര ഓഗസ്റ്റ് 11 നാണ് അവസാനിക്കുന്നത്.