പ്രയാഗ്‌രാജ് (യുപി ): ആര്യസമാജങ്ങൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകൾ വിവാഹം കഴിഞ്ഞു എന്നതിനുള്ള നിയമപരമായ തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി. രേഖകളുടെ വിശ്വാസ്യത പരിഗണിക്കാതെ ആര്യസമാജങ്ങൾ പലപ്പോഴും വിവാഹം നടത്തിക്കൊടുക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ആര്യസമാജങ്ങൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകൾ ഈ കോടതിയിലും മറ്റ് കോടതിയിലും തുടർച്ചയായി ഹാജരാക്കപ്പെടുന്നുണ്ട്. ഇത്തരം സൊസൈറ്റികൾ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
ഹേബിയസ് കോർപസ് പരാതിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. ആര്യസമാജങ്ങൾ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നത് യഥാവിധി വിവാഹം നടത്താതെയാണ്. അതിനാൽ ഇത്തരം സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രം വിവാഹം തെളിയിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
തന്‍റെ ഭാര്യയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഭോല സിങ് എന്നയാളാണ് ഹേബിയസ് കോർപസ് നൽകിയത്. ഗാസിയാബാദ് ആര്യസമാജം നൽകിയ വിവാഹ സർട്ടിഫിക്കറ്റാണ് വിവാഹം കഴിഞ്ഞു എന്നതിന് തെളിവായി ഭോല സിങ് സമർപ്പിച്ചത്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്‌തിട്ടില്ലാത്തതിനാൽ രണ്ട് കക്ഷികളും വിവാഹിതരാണെന്ന് ആര്യസമാജം നൽകിയ സർട്ടിഫിക്കറ്റിന്‍റെ മാത്രം അടിസ്ഥാനത്തിൽ കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരി നിരീക്ഷിച്ചു.
പരാതിയിൽ പറയുന്ന സ്‌ത്രീ പ്രായപൂർത്തിയായ ആളാണ്. ഭോല സിങ്ങിനെതിരെ സ്‌ത്രീയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. അതിൽ അന്വേഷണം നടക്കുകയാണെന്നും നിയമവിരുദ്ധമായി യുവതിയെ തടങ്കലിൽ വച്ചിട്ടില്ലെന്നും നിരീക്ഷിച്ച കോടതി ഹേബിയസ് കോർപസ് ഹർജി തള്ളി.