ലഖ്‌നൗ : അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതോടെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ക്ഷണം നിരസിച്ച നേതാക്കളുടെ പട്ടികയിലേക്ക് അഖിലേഷും ചേക്കേറിയിരിക്കുകയാണ് (Akhilesh turns down Jan 22 invite).
അതേസമയം പ്രതിഷ്‌ഠയ്ക്ക് ശേഷം മറ്റൊരു ദിവസം താനും കുടുംബവും ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് ഉന്നത നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പ്രസിഡന്‍റ് സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും നേരത്തെ ക്ഷണം നിരസിച്ചിരുന്നു.
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി എസ്‌പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് രാമജന്മഭൂമി തീര്‍ത്ത് ക്ഷേത്രയുടെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് കത്തെഴുതിയിരുന്നു. ക്ഷണത്തിന് അദ്ദേഹം നന്ദിയും അറിയിച്ചുണ്ട്. വിജയകരമായി നിര്‍മാണം പൂര്‍ത്തിയാക്കിയതിലും അദ്ദേം ട്രസ്റ്റിനെ അഭിനന്ദിച്ചു. പ്രാണപ്രതിഷ്‌ഠയ്ക്ക് ശേഷം കുടുംബവുമൊത്ത് ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമാജ്‌വാദി രാജ്യത്തിന്‍റെ പാരമ്പര്യത്തിലും സനാതന ധര്‍മത്തിലും വിശ്വസിക്കുന്നുണ്ട്. ആരെങ്കിലും ഈശ്വരന്‍റെ സന്നിധിയിലേക്ക് ക്ഷണിക്കാറുണ്ടോ? തങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നവരാണ്. ഒരു ഉള്‍വിളി ഉണ്ടാകുമ്പോഴെല്ലാം തങ്ങള്‍ ക്ഷേത്രത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവേകാനന്ദന്‍ നമ്മെ സഹിഷ്‌ണുതയുടെ തത്വങ്ങള്‍ പഠിപ്പിച്ചു. ഭരണഘടനയെ വിശ്വസിക്കാത്തവര്‍ ഒരു സനാതനന്‍ ആകില്ല. ബി ആര്‍ അംബേദ്ക്കറില്‍ വിശ്വസിക്കുവരാണ് തങ്ങള്‍. ദൈവം വിളിക്കുമ്പോള്‍, രാമന്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ പോകും.
ബിജെപി ആര്‍എസ്എസ് പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയയും കോണ്‍ഗ്രസ് നേതാക്കളും ക്ഷണം തള്ളിയത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും ആര്‍എസ്എസും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. രാജ്യത്തെ പ്രമുഖ മഠങ്ങളായ നാല് പീഠങ്ങളിലെ ശങ്കരാചാര്യന്‍മാരുടെ മേല്‍നോട്ടത്തിലാണോ ചടങ്ങുകള്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരാഞ്ഞിരുന്നു.
പ്രതിഷ്‌ഠയ്ക്ക് ചില ചടങ്ങുകളുണ്ട്. ഇത് മതരപരമായ ചടങ്ങുകളാണെങ്കില്‍ നാല് മഠങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്‍മാരുടെ കാര്‍മികത്വത്തില്‍ വേണം നടക്കേണ്ടത്. പണിതീരാത്ത ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ നടത്താനാകില്ലെന്ന് നാല് ശങ്കരാചാര്യന്‍മാരും പറഞ്ഞിട്ടുണ്ട്.
അത് കൊണ്ട് തന്നെ മതപരമായ ചടങ്ങല്ല, തീര്‍ച്ചയായും രാഷ്ട്രീയമായ പരിപാടികളാണ് അവിടെ നടക്കുന്നതെന്നും പവന്‍ ഖേര ചൂണ്ടിക്കാട്ടി. തനിക്കും ദൈവത്തിനുമിടയില്‍ ചില ഇടനിലക്കാരുണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ചില രാഷ്ട്രീയക്കാര്‍ കരാറുകാരെ പോലെ പെരുമാറുന്നു. ഏത് പഞ്ചാംഗം നോക്കിയാണ് ബിജെപി സമയം കുറിച്ചതെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീയതി നിശ്ചയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോണ്‍ഗ്രസ് മതവികാരം വ്രണപ്പെടുത്തുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഈ മാസം 22ന് നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. പ്രതിഷ്‌ഠയ്ക്ക് മുമ്പുള്ള യഞ്ജങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. അയോധ്യയില്‍ അമൃതമഹോത്സവവും നടക്കും. 1008 മഹായാഗങ്ങളും നടക്കും. പ്രതിഷ്‌ഠയില്‍ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് പ്രസാദമൂട്ടും ഒരുക്കിയിട്ടുണ്ട്. പതിനായിരം മുതല്‍ പതിനയ്യായിരം വരെ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാമജന്മഭൂമി ട്രസ്റ്റ് പറഞ്ഞു.