ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന് (ഡിജിസിഎ) മറുപടി സമര്‍പ്പിച്ച് എയര്‍ ഇന്ത്യ. സംഭവത്തില്‍ രണ്ട് ആഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിസിഎ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതിലാണ് വിമാനക്കമ്പനിയുടെ വിശദീകരണം. അതേസമയം കഴിഞ്ഞ വര്‍ഷം നവംബറിലാണ് എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്‌ത ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം നടന്നത്.
സംഭവത്തിന് പിന്നാലെ ജനുവരി ആറിനാണ് എയര്‍ ഇന്ത്യയുടെ അക്കൗണ്ടബിള്‍ മാനേജര്‍, ഫ്ലൈറ്റ് സര്‍വീസ് ഡയറക്‌ടര്‍, വിമാനത്തിന്‍റെ പൈലറ്റുമാര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എന്നിവര്‍ക്ക് സംഭവത്തില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് അന്വേഷിച്ച് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. മാത്രമല്ല സംഭവത്തില്‍ തുടര്‍ന്ന് എടുക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്‌ച കാലയളവിനുള്ളില്‍ മറുപടി നല്‍കണമെന്നും ഡിജിസിഎ അറിയിച്ചിരുന്നു.
സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്താനുള്ള മാര്‍ഗമായാണ് ഡിജിസിഎ വിമാനക്കമ്പനിയുടെ മറുപടി ആവശ്യപ്പെട്ടത്. ഇതുമുഖേന വിമാനത്തിലുണ്ടായിരുന്ന അച്ചടക്കമില്ലാത്ത യാത്രക്കാരനോട് വിമാനക്കമ്പനിയുടെ സമീപനം പ്രഥമ ദൃഷ്‌ട്യാ എങ്ങനെയായിരുന്നു എന്നതും ഡിജിസിഎ പരിഗണിക്കും. ഇതില്‍ വിമാനക്കമ്പനിയുടെ സമീപനം പ്രൊഫഷണലിന് നിരക്കാത്തായി കണ്ടെത്തിയാല്‍ അത് വ്യവസ്ഥകളുടെ പരാജയമായും വിലയിരുത്തും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രക്ക് നാല് മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല ഡിജിസിഎ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച മൂന്നംഗ ഇന്‍റേണല്‍ കമ്മിറ്റിയാണ് ശങ്കര്‍ മിശ്രയക്ക് യാത്ര വിലക്ക് എന്ന ശുപാര്‍ശ മുന്നോട്ടുവച്ചത്. നിലവില്‍ ശങ്കര്‍ മിശ്ര ജുഡിഷ്യല്‍ കസ്‌റ്റഡിയിലാണ്.