ന്യൂഡല്‍ഹി: വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറിയ യാത്രക്കാരനെ ഇറക്കിവിട്ട് എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എഐ 111 വിമാനത്തിലാണ് സംഭവം. 225 യാത്രക്കാരുമായി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതോടെയാണ് ഒരു പുരുഷ യാത്രക്കാരന്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത്.
ഇയാള്‍ വിമാന ജീവനക്കാരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ വിമാനം ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചിറക്കി. പിന്നീട് പ്രശ്‌നം ഉണ്ടാക്കിയ യാത്രക്കാരനെ ഇറക്കി വിട്ടു. ഇയാളെ ഇറക്കി വിട്ട ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്: കഴിഞ്ഞ ആഴ്‌ചയില്‍ ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെതിരെ കേസ് എടുത്തിരുന്നു. 40കാരനായ പ്രതീക് എന്ന യാത്രക്കാരനെതിരെയാണ് കര്‍ണാടക പൊലീസാണ് കേസെടുത്തത്. ഇയാള്‍ യാത്രക്കിടെ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
പ്രതീക് ഡോര്‍ തുറക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി വിമാനം ബെഗളൂരുവില്‍ എത്തിയപ്പോള്‍ ഇയാളെ സിഐഎസ്എഫിന് കൈമാറുകയായിരുന്നു.
ശുചിമുറിയില്‍ പുകവലിച്ച് യാത്രക്കാരന്‍: മാര്‍ച്ചില്‍ ഇന്‍ഡിഗോ വിമാനത്തിന്‍റെ ശുചിമുറിയില്‍ വച്ച് പുകവലിച്ച ബിഹാര്‍ സ്വദേശിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്‌തിരുന്നു. മുംബൈയില്‍ നിന്ന് ഗൊരഖ്‌പൂരിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയായ കൃഷ്‌ണകുമാര്‍ മിശ്രയാണ് അറസ്റ്റിലായത്.
ശുചിമുറിയില്‍ വച്ചാണ് ഇയാള്‍ പുകവലിച്ചത്. സുചിമുറിയില്‍ പുക നിറഞ്ഞതോടെ തീപിടിത്തം ഉണ്ടായതായി കാണിച്ച് വിമാനത്തിലെ ഫയര്‍ അലാറം മുഴങ്ങി. ശബ്‌ദം കേട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ കൃഷ്‌ണകുമാറിനോട് സിഗരറ്റ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. എയര്‍ലൈന്‍റെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സഹയാത്രികരുടെ മേല്‍ മൂത്രമൊഴിച്ച വിമാനയാത്രക്കാര്‍: മാര്‍ച്ച് മാസത്തില്‍ തന്നെ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍ (എഎ 292) വിമാനത്തില്‍ ഇന്ത്യക്കാരനായ യാത്രക്കാരന്‍ മൂത്രമൊഴിച്ചു. സഹയാത്രികനായ യുഎസ് പൗരന്‍റെ ദേഹത്താണ് 21 കാരനായ ആര്യ വോഹ്‌റ മൂത്രം ഒഴിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നു. ഇയാള്‍ക്കെതിരെ നടപടി എടുക്കുകയുണ്ടായി.
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയായ 70 കാരിയുടെ ദേഹത്ത് ശങ്കര്‍ മിശ്ര എന്നയാള്‍ മൂത്രമൊഴിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. വിമാനത്തില്‍ വച്ച് മദ്യപിച്ച ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. അതേസമയം വിഷയത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ടില്ല എന്നും യാത്രിക പരാതിപ്പെട്ടു.
ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി എന്നും ജീവനക്കാര്‍ ഇടപെടാതിരുന്നത് മാനസികമായി വേദനിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടി വയോധിക രംഗത്ത് വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. വിഷയത്തില്‍ ശങ്കര്‍ മിശ്രയ്‌ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും എതിരെ നടപടി എടുത്തിരുന്നു.