ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ശങ്കര്‍ മിശ്രയ്‌ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. നാലുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിസിഎ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച മൂന്നംഗ ഇന്‍റേണല്‍ കമ്മിറ്റിയാണ് ശങ്കര്‍ മിശ്രയുടെ യാത്ര വിലക്ക് ശുപാര്‍ശ ചെയ്‌തത്. നിലവില്‍ ശങ്കര്‍ മിശ്ര ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
ജനുവരി 4ന് മിശ്രയ്‌ക്ക് 30 ദിവസത്തെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നെങ്കിലും വിലക്ക് പ്രാബല്യത്തില്‍ വരുന്ന തിയതിയോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. 2022 നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബിസിനസ് ക്ലാസിലാണ് സംഭവം. വിമാനത്തില്‍ വച്ച് തനിക്ക് മോശമായ അനുഭവം ഉണ്ടായതായും ജീവനക്കാര്‍ ഇടപെട്ടില്ലെന്നും കാണിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് 70 കാരിയായ യാത്രിക കത്തയച്ചിരുന്നു. തുടര്‍ന്നാണ് സംഭവം വിവാദമായത്.
വയോധികയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസെടുത്തു. ഒളിവിലായിരുന്ന മിശ്രയെ ബെംഗളൂരുവില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് ശങ്കര്‍ മിശ്ര നിഷേധിച്ചു.
വയോധികയുടെ മേല്‍ മൂത്രം ഒഴിച്ചിട്ടില്ലെന്നും അവര്‍ തന്നെയാണ് മൂത്രം ഒഴിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസ് ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ നടപടി എടുക്കാതിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ക്ക് ജനുവരി 5ന് ഡിജിസിഎ നോട്ടിസ് നല്‍കിയിരുന്നു.
അക്കൗണ്ടബിൾ മാനേജർ, അതിന്‍റെ ഡയറക്‌ടർ ഇൻ-ഫ്‌ളൈറ്റ് സർവീസ്, പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവർക്കാണ് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഡിജിസിഎ നിയമങ്ങൾ പ്രകാരം, വിമാനത്തില്‍ അനിഷ്‌ട സംഭവം നടന്നാല്‍ വിമാനം ലാൻഡ് ചെയ്‌ത് 12 മണിക്കൂറിനുള്ളിൽ റെഗുലേറ്ററെ അറിയിക്കാൻ ബന്ധപ്പെട്ട എയർലൈൻ ബാധ്യസ്ഥരാണെന്ന് ഡിജിസിഎ പ്രസ്‌താവനയിൽ പറയുന്നു.
എയര്‍ ഇന്ത്യ ജീവനക്കാരുടെ പെരുമാറ്റത്തില്‍ പ്രൊഫഷണലിസം ഉണ്ടായില്ലെന്നും ഡിജിസിഎ നിരീക്ഷിച്ചു. വയോധികയായ യാത്രികയുടെ ദേഹത്ത് ശങ്കര്‍ മിശ്ര മൂത്രമൊഴിച്ച സംഭവത്തില്‍ ഉടൻ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.