ചെന്നൈ : എഐഎഡിഎംകെയില്‍ നിന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെ പുറത്താക്കിയതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനമായ 'എം.ജി.ആര്‍ മാളികൈ' സീല്‍ ചെയ്‌ത് സംസ്ഥാന സര്‍ക്കാര്‍. പനീര്‍ശെല്‍വം-പളനിസ്വാമി പക്ഷങ്ങള്‍ ചേരി തിരിഞ്ഞ് പാര്‍ട്ടി ആസ്ഥാന പരിസരത്ത് അക്രമങ്ങളിലേര്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടി ഓഫിസിലുണ്ടായിരുന്നവരെ പൊലീസ് സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.
അവ്വൈ ഷൺമുഖം ശാലയിലെ എഐഎഡിഎംകെ ആസ്ഥാനത്തും പരിസരത്തുമാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പാര്‍ട്ടി ആസ്ഥാനം സീല്‍ ചെയ്‌തതെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
ഇന്ന് (11-09-2022) ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ എഐഎഡിഎംകെ തീരുമാനിച്ചത്. യോഗം ബഹിഷ്‌കരിച്ചിറങ്ങിയ പനീര്‍ശെല്‍വം വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
MORE READ: പനീര്‍ശെല്‍വത്തെ പുറത്താക്കി എഐഎഡിഎംകെ: ഇപിഎസ് - ഒപിഎസ് വിഭാഗങ്ങൾ പാർട്ടി ആസ്ഥാനത്ത് ഏറ്റുമുട്ടി
പാര്‍ട്ടി ആസ്ഥാനത്ത് അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ പനീർശെൽവത്തെ കുറ്റപ്പെടുത്തി പളനി സ്വാമി രംഗത്തെത്തി. പാർട്ടി ഓഫിസിലെ രേഖകൾ ഒപിഎസ് എടുത്തുകൊണ്ടുപോയെന്നും അന്തരിച്ച, പാർട്ടി അധ്യക്ഷ ജെ ജയലളിത ഉപയോഗിച്ചിരുന്ന ഓഫിസ് ചേംബർ കുത്തിത്തുറന്നെന്നും എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ ആരോപിച്ചു. പാര്‍ട്ടി ആസ്ഥാനം സീല്‍ ചെയ്‌ത സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.