ന്യൂഡൽഹി : അഫ്‌ഗാനിസ്ഥാന്‍ താലിബാൻ ഭരണത്തിലാകുമ്പോള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തെ അത് മോശമായി ബാധിക്കുമെന്ന് വ്യാപാര സംഘടനകൾ.
ആഭ്യന്തര കയറ്റുമതിക്കാർ അഫ്‌ഗാനിസ്ഥാനിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പേയ്‌മെന്‍റുകളില്‍ ജാഗ്രത പാലിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ ഡയറക്‌ടർ ജനറൽ അജയ് സഹായ് പറഞ്ഞു.
വ്യാപാരം അനിശ്ചിതത്വത്തിലാകുമെന്ന് സംഘടനകൾ
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഗണ്യമായ ഇടിവുണ്ടാകുമെന്ന് എഫ്‌ഐഇഒ മുൻ പ്രസിഡന്‍റും മുൻനിര എക്‌സ്‌പോർട്ടറുമായ എസ്.കെ ശരഫ് പറഞ്ഞു. എന്നാൽ പൂർണമായും വ്യാപാരം നഷ്‌ടപ്പെടില്ലെന്നും അവർക്ക് നമ്മുടെ ഉത്പന്നങ്ങള്‍ ആവശ്യമാണെന്നും ശരഫ് കൂട്ടിച്ചേർത്തു.
നിശ്ചിത സമയം വരെ വ്യാപാരത്തിൽ അനിശ്ചിതത്വം തുടർന്നേക്കുമെന്നും അഫ്‌ഗാനിൽ പ്രതികൂല സാഹചര്യമാണ് നിലവിലുള്ളതെന്നും എഫ്‌ഐഇഒ വൈസ് പ്രസിഡന്‍റ് ഖാലിദ് ഖാൻ പ്രതികരിച്ചു. അനിശ്ചിതാവസ്ഥ മാറിയാൽ മാത്രമേ വ്യാപാരം പുനസ്ഥാപിക്കാൻ കഴിയൂവെന്നും ഖാൻ പറഞ്ഞു.
READ MORE: അഫ്‌ഗാന്‍ പലായനം : കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോര്‍ട്ട്
രാജ്യത്തെ ആഭ്യന്തര ഉൽപന്നങ്ങൾക്ക് അഫ്‌ഗാനിസ്ഥാനിൽ നല്ല വിപണിയാണ് ഉള്ളതെന്നും നിലവിലെ സാഹചര്യത്തിൽ ഇതെല്ലാം നിലക്കുമെന്നും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ എക്കണോമിക്‌സ് പ്രൊഫസർ ബിശ്വജിത് ധർ അഭിപ്രായപ്പെട്ടു. അഫ്‌ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി പൂർണമായും നിർത്തി വക്കുന്നതിനാൽ സമയബന്ധിതമായി പണമിടപാടുകൾ ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
അടുത്ത നീക്കം തീരുമാനിക്കാനായി നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു സായ് ഇന്‍റർനാഷണൽ പ്രൊപ്പെയ്‌റ്റർ രാജീവ് മൽഹോത്രയുടെ പ്രതികരണം.