ഹൈദരാബാദ്: അഫ്‌ഗാൻ വഴിയുള്ള വ്യോമപാത അടച്ച സാഹചര്യത്തിൽ കാബൂളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ എഐ126 ചിക്കാഗോ- ഡൽഹി വിമാനം പ്രത്യേക സാഹചര്യം പരിഗണിച്ച് ഗൾഫ് വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ടു. അഫ്‌ഗാൻ പ്രസിഡന്‍റിന്‍റെ കാബൂളിലെ കൊട്ടാരത്തിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനെ തുടർന്ന് അഫ്‌ഗാൻ വ്യോമാതിർത്തി ഒഴിവാക്കാൻ നിരവധി എയർലൈനുകൾ തങ്ങളുടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.
നിലവിൽ, അമേരിക്കയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇന്ധനം നിറക്കുന്നതിനായി ഗൾഫ് രാജ്യത്തേക്ക് വഴിതിരിച്ചുവിടുകയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് വരാനിരിക്കുന്ന വിമാനങ്ങൾക്ക് എയർ ഇന്ത്യ പുതിയ റൂട്ടുകൾ തെരഞ്ഞെടുക്കുകയാണ്.
Also Read: താലിബാന്‍ ഭരണം : അഫ്‌ഗാനിൽ നിന്ന് 129 പേരുമായി തിരിച്ച് എയർ ഇന്ത്യ വിമാനം
കാബൂള്‍ നഗരത്തില്‍ താലിബാന്‍ അധികാരം സ്ഥാപിച്ചതോടെ നിരവധി ആളുകളാണ് രാജ്യത്തു നിന്ന് പലായനം ചെയ്യുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് അഫ്‌ഗാൻ വ്യോമപാത അടച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.