ബെംഗളുരു: പ്രതിഷേധങ്ങൾക്ക് ഒടുവിൽ മംഗളൂരു വിമാനത്താവളത്തിന്‍റെ പേരിൽ നിന്ന് 'അദാനി' ടാഗ് മാറ്റി. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് പേരിൽ ഗ്രൂപ്പ് മാറ്റം വരുത്തിയത്. പേര് മാറ്റിയതിന് പിന്നാലെ സാമൂഹ്യ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. 'അദാനി എയർപോർട്ട്സ്' എന്ന ടാഗാണ് മംഗളൂരു വിമാനത്താവളത്തിന്‍റെ പേരിന് മുന്നിൽ ചേർത്തത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ സംസ്ഥാന സർക്കാർ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളമാണ് ഇതെന്നും സാമൂഹ്യ പ്രവർത്തക ദിൽരാജ് അൽവ പറയുന്നു. പേര് മാറ്റിയതിന് പിന്നാലെ 2021 ഫെബ്രുവരിയിൽ എയർപോർട്ട് ജീവനക്കാരുടെ യൂണിയനും സാമൂഹ്യ പ്രവർത്തകരും കർണാടക ഹൈക്കോടതിയെ സമീപിച്ചു.
മംഗളൂരു വിമാനത്താവളം അദാനി എന്‍റർപ്രൈസിന് കൈമാറാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നും എയർപോർട്ടുകളുടെ സ്വകാര്യവൽക്കരണം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നിലവിൽ ഹർജി വിധി പറയാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്.
അതേ സമയം കരാർ പ്രകാരം എയർപോർട്ടിന്‍റെ പ്രവർത്തനത്തിനും പരിപാലനത്തിനുമുള്ള അധികാരം മാത്രമാണ് അദാനി ഗ്രൂപ്പിന് ഉള്ളതെന്നും എയർപോർട്ടിന്‍റെ പേരുമാറ്റാൻ അധികാരമില്ലെന്നും വിവരവകാശ രേഖ ലഭിച്ചിരുന്നു. ഈ നിയമപോരാട്ടത്തിനൊടുവിലാണ് എയർപോർട്ടിന്‍റെ പേരിന് മുന്നിൽ നിന്നും 'അദാനി' ടാഗ് മാറ്റാൻ തയ്യാറായത്. എയർപോർട്ടിന്‍റെ ഒഫീഷ്യൽ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും 'അദാനി' ടാഗ് മാറ്റിയിട്ടുണ്ട്.
ALSO READ: ഗുജറാത്തില്‍ തിരക്കിട്ട ചർച്ചകൾ; മുഖ്യനാകാൻ ഇവർ...