ഗാസിയാബാദ് (ന്യൂഡൽഹി): പിതാവിന്‍റെ പെരുമാറ്റത്തിൽ മനംനൊന്ത് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ ജീവൻ രക്ഷിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ (ACP Saves The Life Of A Girl Who Tried To Commit Suicide). ന്യൂഡൽഹി അതിർത്തിയോട് ചേർന്നുള്ള ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് വ്യാഴാഴ്‌ച ആയിരുന്നു കോളിളക്കം സൃഷ്‌ടിച്ച സംഭവം ഉണ്ടായത്.
'എനിക്ക് രാഖി കെട്ടി തരൂ, നീ എന്‍റെ സഹോദരിയാണ്, ഞാൻ നിങ്ങളെ പിന്തുണയ്ക്കാം' എന്ന് പറഞ്ഞുകൊണ്ടുളള വൈകാരിക അഭ്യർഥന നടത്തിയാണ് പെണ്‍കുട്ടിയെ എസിപി സ്വതന്ത്ര സിങ് (ACP Swatantra Singh) താഴെയിറക്കിയത്. നേരത്തെ പെണ്‍കുട്ടിയെ താഴെയിറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. പിന്നീടാണ് എസിപി സ്വതന്ത്ര സിങ്ങിന്‍റെ ഇടപെടലിൽ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്.
സംഭവം ഇങ്ങനെ: പെണ്‍കുട്ടിയുടെ അമ്മ ഇക്കഴിഞ്ഞ ജൂലൈയിൽ മരിച്ചിരുന്നു. അതിനാൽ തന്നെ അടുത്തിടെ അവളുടെ അച്ഛൻ അവളെ ശകാരിച്ചതായും അത് മൂലം പെണ്‍കുട്ടി ഭയന്നതായും പൊലീസ് പറയുന്നുണ്ട്. അച്ഛന്‍റെ പെരുമാറ്റത്തെ തുടർന്ന് വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെ ഇന്ദിരാപുരത്തുളള ഹൗസിങ് സൊസൈറ്റിയുടെ നാലാം നിലയിൽ കയറി ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി വിവരം ലഭിച്ചിരുന്നെന്ന് എസിപി സ്വതന്ത്ര സിങ് പറഞ്ഞു.
പെൺകുട്ടി കെട്ടിടത്തിന്‍റെ മുകളില്‍ നിൽക്കും മുൻപ് അപകടരമായി നടക്കുന്നതിന്‍റെ വീഡിയോയും പുറത്ത് വന്നിരുന്നു. പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യണമെന്നുണ്ടായിരുന്നു എന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സ് വാഹനങ്ങളും സ്ഥലത്തെത്തി യുവതിയെ സുരക്ഷിതമായി താഴെയിറക്കാനുളള ശ്രമങ്ങൾ നടത്തി. പിന്നീട് താഴെയിറക്കിയ ഉടൻ പെൺകുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു.
പൊലീസുകാരോട് സംസാരിക്കുന്നതിനിടെ പെൺകുട്ടി തന്‍റെ പിതാവിന്‍റെ പെരുമാറ്റത്തെക്കുറിച്ച് ആവർത്തിച്ച് സംസാരിക്കുന്നുണ്ടായിരുന്നു എന്ന് സ്വതന്ത്ര സിങ് പറഞ്ഞു. ഇന്ദിരാപുരം ഏരിയയിലെ അഭയ് ഖണ്ഡ് പൊലീസ് പോസ്‌റ്റിന് കീഴിലാണ് ഈ പ്രദേശം വരുന്നത്.
വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌ത നിലയിൽ: മെഡിക്കല്‍ രംഗത്തേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനായി (NEET Examination) തയ്യാറെടുക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ (Students) വ്യത്യസ്‌ത സംഭവങ്ങളിലായി ഞായറാഴ്‌ച(ഓഗസ്റ്റ് 27) ആത്മഹത്യ ചെയ്‌തിരുന്നു. രാജസ്ഥാനിലെ കോട്ടയിലാണ് (Kota in Rajasthan) സംഭവം നടന്നത്.
അവിഷ്‌കാര്‍ ഷാംഭാജി കസ്‌ലെ (17) എന്ന വിദ്യാര്‍ഥി ഞായറാഴ്‌ച ഉച്ചയ്‌ക്ക് 3.15 ഓടെ ജവഹര്‍ നഗറിലുള്ള തന്‍റെ കോച്ചിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ (Coaching Institute) ആറാം നിലയില്‍ വച്ചാണ് ആത്മഹത്യ ചെയ്‌തത്. പരീക്ഷയെഴുതി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ ആയിരുന്നു ആത്മഹത്യ ചെയ്‌തത്.
അതേസമയം നാല് മണിക്കൂറുകള്‍ക്കിപ്പുറം ആദര്‍ശ് രാജ് എന്ന 18 കാരനെയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു. നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്ന ആദര്‍ശ് രാജ് വാടക ഫ്ലാറ്റിലാണ് ആത്മഹത്യ ചെയ്‌തത്. ഇയാളെ കാണാനെത്തിയ സഹോദരിയും കസിന്‍ സഹോദരനും ഫ്ലാറ്റ് അടഞ്ഞുകിടക്കുന്നതായി കണ്ടു. തുടർന്ന് അടുത്തുള്ള ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കകത്ത് ആത്മഹത്യ ചെയ്‌ത നിലയില്‍ ആദർശിനെ കാണുന്നത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ ഇയാള്‍ മരിക്കുകയായിരുന്നു. ഇതോടെ ഈ വര്‍ഷം മാത്രം 22 പേരുടെ ജീവനാണ് പൊലിഞ്ഞത്.