പട്‌ന: ബിഹാറില്‍ മദ്യക്കടത്ത് സംഘത്തിന്‍റെ കാര്‍ ഇടിച്ച് എഎസ്‌ഐ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാര്‍ ഉടമയാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
നവകോത്തി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഖമാസ് ചൗധരിയാണ് കൊല്ലപ്പെട്ടത്. നവകോത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛത്തൗന പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് സംഭവം. കാറില്‍ മദ്യം കടത്തുന്നത് സംബന്ധിച്ച് ബെഗുസരായ് എസ്‌പി യോഗേന്ദ്ര കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റോഡില്‍ പൊലീസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു.
പരിശോധനക്കിടെ എത്തിയ കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. എഎസ്‌ഐയ്‌ക്ക് പുറമെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ സംഭവ സ്ഥലത്ത് വച്ചു മരിച്ചു.
സംഭവത്തിന് പിന്നാലെ കാര്‍ ഉപേക്ഷിച്ച ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇതോടെയാണ് പൊലീസ് സംഘം കാര്‍ ഉടമയെ അറസ്റ്റ് ചെയ്‌തത്. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
കാര്‍ ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ബഖ്‌രി എസ്‌ഡിപിഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
also read: കണ്ണൂരില്‍ കഞ്ചാവ് വേട്ട; ലഹരിക്കടത്തുകാര്‍ കടന്നു കളഞ്ഞെന്ന് എക്‌സൈസ് - പൊലീസ് സംയുക്ത സംഘം