ന്യൂഡല്‍ഹി : ആം ആദ്‌മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടിയെ തിങ്കളാഴ്‌ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ പാര്‍ട്ടിയായി അംഗീകരിച്ചത്. അതേസമയം ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവയുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു.
മാറ്റങ്ങള്‍ ഇങ്ങനെ : ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആം ആദ്‌മി പാര്‍ട്ടിയെ ദേശീയ പാർട്ടിയായി തെരഞ്ഞെടുത്തതെന്ന് കമ്മിഷന്‍ അറിയിച്ചു. അതേസമയം അടുത്തിടെ നടന്ന നാഗാലാൻഡിലെയും മേഘാലയയിലെയും തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാര്‍ട്ടികളെ സംസ്ഥാന കക്ഷികളായി അംഗീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. അതേസമയം ഉത്തർപ്രദേശിൽ ആർഎൽഡി, ആന്ധ്രാപ്രദേശിൽ ബിആർഎസ്, മണിപ്പൂരിൽ പിഡിഎ, പുതുച്ചേരിയിൽ പിഎംകെ, പശ്ചിമ ബംഗാളിൽ ആർഎസ്‌പി, മിസോറാമില്‍ എംപിസി എന്നിവയ്ക്ക് നൽകിയ സംസ്ഥാന പാർട്ടി പദവികള്‍ കമ്മിഷൻ റദ്ദാക്കിയിട്ടുണ്ട്.
ബിജെപി, കോൺഗ്രസ്, സിപിഐ (എം), ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), ആം ആദ്‌മി പാര്‍ട്ടി എന്നിവയാണ് നിലവില്‍ ദേശീയ പാർട്ടികളായുള്ളത്. അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനും മുമ്പായാണ് കമ്മിഷന്‍റെ ഈ അറിയിപ്പ്.
പേരുമാറ്റി, ദേശീയ പാര്‍ട്ടിയായി: ഇക്കഴിഞ്ഞ ഒക്‌ടോബറിലെ ദസറ ദിനത്തിലാണ് തെലങ്കാന രാഷ്‌ട്ര സമിതി എന്ന തന്‍റെ പാര്‍ട്ടിയെ ഭാരത് രാഷ്‌ട്ര സമിതി എന്ന് ദേശീയ പാര്‍ട്ടിയായി കെ.ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചത്. തെലുങ്കര്‍ക്ക്, തെലുങ്ക് നാട് സഫലമാക്കാന്‍ ജന്മംകൊണ്ട ടിആര്‍എസാണ് പിന്നീട് കെഎസിആറിന്‍റെ 'ദേശീയ മോഹത്തില്‍' ബിആര്‍എസായി പരിണമിച്ചത്. എന്നാല്‍ ബിജെപിയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് താന്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നായിരുന്നു കെസിആറിന്‍റെ വിശദീകരണം. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം നിരവധി സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പര്യടനം നടത്തുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി 80 കോടി മുടക്കി 12 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമടക്കം സര്‍വ സന്നാഹങ്ങളുമായാണ് കെസിആര്‍ ബിആര്‍എസ് രൂപീകരിച്ചത്.
വിമര്‍ശനങ്ങളും കൈയ്യടികളും : പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശത്തോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തെ സ്വീകരിച്ചതെങ്കില്‍ ബിആര്‍എസ് ജന്മംകൊണ്ടതിനെതിരെ മറ്റിടങ്ങളില്‍ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങളാണ്. രാഷ്‌ട്രീയ അത്യാഗ്രഹം കൊണ്ടാണ് ഇങ്ങനെയൊരു പാര്‍ട്ടി രൂപീകരിച്ചതെന്നറിയിച്ച് പാര്‍ട്ടിയുടെ പേര് മാറ്റിയതിനെ കോണ്‍ഗ്രസും ബിജെപിയും ആക്രമിച്ചിരുന്നു. തെലങ്കാനയുടെ സ്വത്വത്തെ റാവു കൊന്നൊടുക്കിയെന്നും ടിആര്‍എസ് ബിആര്‍എസാക്കിയത് കുടുംബ തർക്കങ്ങൾ പരിഹരിക്കാനാണെന്നുമായിരുന്നു തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ വിമര്‍ശനം.
തെലങ്കാനയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെസിആറിന് ഒരു അർഹതയുമില്ലെന്നും റാവുവിന്‍റേത് മോശം നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കെസിആറിന്‍റെ ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഇരു കൈയുമടിച്ചാണ് സ്വാഗതം ചെയ്‌തത്.