ബെംഗളുരു: ഹനുമാൻ ക്ഷേത്ര നിർമാണത്തിനായി ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി വിട്ട് നല്‍കി മുസ്ലിം മത വിശ്വാസി. ഹോസ്‌കോട്ടെ കടുഗൊഡി സ്വദേശിയായ എച്ച്.എം.ജി ബാഷയാണ് ക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം വീരാജ്ഞനേയ സ്വാമി സേവ ട്രസ്റ്റിന് എഴുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ് ഒരു ചെറിയ ക്ഷേത്രത്തിൽ ആജ്ഞനേയ വിഗ്രഹം സ്ഥാപിച്ചിരുന്നു. ബാഷയുടെ മൂന്ന് ഏക്കർ സ്ഥലത്താണ് ഈ വിഗ്രഹം സ്ഥാപിച്ചിരുന്നത്. പ്രദേശത്ത് പുതിയ ക്ഷേത്ര നിർമാണത്തിനായി പദ്ധതിയിടവേയാണ് ബാഷ ഭൂമി നൽകാൻ തയ്യാറായത്. മതത്തിന്‍റെ പേരിൽ വിവേചനം നടത്തില്ലെന്നും എല്ലാ മതസ്ഥരേയും ഒരുപോലെയാണ് കാണുന്നതെന്നും ബാഷ പറഞ്ഞു.