ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. കൊവിഡ് മൂലം 25000 പേർക്ക് മാത്രമാണ് രാജ്യ തലസ്ഥാനത്ത് ആഘോങ്ങൾ കാണാൻ അവസരം. കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. 15 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചടങ്ങിൽ പ്രവേശനം ഉണ്ടാകില്ല. പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ചടങ്ങിൽ കാമാൻഡറിൻ-ചീഫ്-കൂടിയായ രാഷ്‌ട്രപതി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.
55 വർഷത്തിനിടയിൽ മുഖ്യാതിഥി ഇല്ലാത്ത ആദ്യ റിപ്പബ്ലിക്ക് ദിനം എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നെങ്കിലും ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്ന് അദ്ദേഹം ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയായിരുന്നു. ഇതിനു മുമ്പ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 1966ൽ ആണ് മുഖ്യാതിഥി ഇല്ലാതെ രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. 1953ലും 1952ലും പ്രത്യേക ക്ഷണിതാക്കളൊന്നും ഇല്ലാതെയാണ് രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്.
വിജയ് ചൗക്ക് മുതൽ ചെങ്കോട്ടവരെയായിരുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ധ്യാൻ ചന്ത് നാഷണൽ സ്റ്റേഡിയം വരെയാക്കി ചുരുക്കി. പരേഡിലെ സേനാംഗങ്ങളുടെ എണ്ണം ഓരോ വിഭാഗത്തിലും 144ൽ നിന്ന് 90 ആയി കുറച്ചു. പരേഡിലെ സ്ഥിരം സാന്നിധ്യമായ മോട്ടോർസൈക്കിൾ അഭ്യാസം ഇക്കുറി ഉണ്ടാകില്ല. റഫേൽ ജെറ്റുകൾ പരേഡിന്‍റെ മുഖ്യ ആകർഷണമാകും. സ്വതന്ത്രമായതിന്‍റ 50-ാമത് വാർഷികം ആഘോഷിക്കുന്ന ബംഗ്ലാദേശിന്‍റെ സായുധ സേന ഇക്കുറി പരേഡിൽ അണിനിരക്കും. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ ജെറ്റ് പൈലറ്റ് ഭാവനാ കാന്ത് പരേഡിന്‍റെ ഭാഗമാകും.
കേന്ദ്ര ഭരണ പ്രദേശമായി മാറിയ ലഡാക്ക് ആദ്യമായി പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കും. തിക്‌സെ മൊണാസ്‌ട്രിയാണ് ലഡാക്കിനെ ഫ്ലോട്ടിങ്ങ് വിഭാഗത്തിൽ പ്രതിനിധീകരിക്കുക. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിന്‍റെ ഫ്ലോട്ടും റിപ്പബ്ലിക്ക് ദിന പരേഡിൽ ഉണ്ടാകും. കൊയർ ഓഫ് കേരള എന്ന പേരിൽ കയർ പിരിക്കുന്ന സ്‌ത്രീകളെ ചിത്രീകരിക്കുന്ന ഫ്ലോട്ടാണ് കേരളം അവതരിപ്പിക്കുക. തെയ്യവും ഫ്ലോട്ടിന്‍റെ ഭാഗമാവും. ജനുവരി 29ന് നടക്കുന്ന സൈനിക സംഗീത പരിപാടിയായ ബീറ്റിങ്ങ് റിട്രീറ്റോടെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്ക് സമാപനമാകും.