ന്യൂഡല്‍ഹി: രാജ്യത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരുമാസത്തിനുള്ളില്‍ 44 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിൽ 8 എണ്ണം കേന്ദ്രം സ്ഥാപിക്കുമെന്നും, ബാക്കി 36 എണ്ണം സര്‍ക്കാര്‍ സ്വയം സ്ഥാപിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഇതിനായി ഫ്രാൻസിൽ നിന്ന് 21 പ്ലാന്‍റുകളും രാജ്യത്തിനകത്ത് നിന്ന് 15 പ്ലാന്‍റുകളും ഇറക്കുമതി ചെയ്യുമെന്ന് ഇന്ന് നടത്തിയ ഡിജിറ്റല്‍ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Also Read: ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ പോർട്ടൽ ആരംഭിച്ച് ഡൽഹി സർക്കാർ
അതേസമയം ഫ്രാന്‍സില്‍ നിന്നും റെഡി ടൂ യൂസ് ഓക്സിജന്‍ പ്ലാന്‍റുകളും, ബാങ്കോക്കിൽ നിന്ന് 18 ഓക്സിജൻ ടാങ്കറുകളും ഇറക്കുമതി ചെയ്യുമെന്ന് കെജ്രിവാള്‍ അറിയിച്ചു. ബാങ്കോക്കിൽ നിന്നുള്ള പ്ലാന്‍റുകള്‍ നാളെ സംസ്ഥാനത്തെത്തും. ഇതിനായി വ്യോമസേന വിമാനങ്ങൾ അനുവദിക്കാൻ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി രാജ്യത്തെ നിരവധി വ്യവസായികൾക്ക് കത്തെഴുതിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും സഹായമഭ്യര്‍ഥിച്ചു. എല്ലാവരില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ആപത്ഘട്ടത്തില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും കെജ്രിവാള്‍ സമ്മേളനത്തില്‍ അറിയിച്ചു.
Also Read: ഓക്സിജൻ ക്വാട്ട വർധിപ്പിച്ചതിൽ കേന്ദ്രത്തിന് നന്ദി അറിയിച്ച് അരവിന്ദ് കെജ്രിവാൾ
അധിക കോവിഡ് കെയർ സെന്‍ററിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കെജ്രിവാള്‍ ഇന്ന് രാംലീല ഗ്രൗണ്ട് സന്ദർശിച്ചിരുന്നു. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 71.68 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതിലൊരു സംസ്ഥാനമാണ് ഡല്‍ഹി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,201 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ദിനം 380 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.