പട്‌ന: ബിഹാറിലെ ദർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിൽ (ഡിഎംസിഎച്ച്) അടുത്തിടെ മരിച്ചത് നാല് കുട്ടികൾ. മരിച്ചതിൽ കൊവിഡ് പോസിറ്റീവായ കുട്ടിയും ഉൾപ്പെടുന്നെന്ന് അധികൃതർ. നാല് കുട്ടികൾക്കും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും ന്യുമോണിയയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. കൊവിഡ് പോസിറ്റീവായ കുട്ടിയെ ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിഎംസിഎച്ചിലെ വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം നാലരയോടെ കുട്ടി മരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം കുടുംബത്തിന് കൈമാറി.
Also Read: ലഖ്‌നൗവിലെ രണ്ട് ആശുപത്രികളിൽ കൊവിഡ് തെറാപ്പി ചികിത്സ ആരംഭിച്ചു
അതേസമയം ചന്ദൻ, പൂജ, ആരതി എന്നീ മൂന്ന് സഹോദരങ്ങൾ പനി, ശ്വാസതടസം, ശരീര വീക്കം എന്നിവ ബാധിച്ച് മരിച്ചു. മെയ് 28നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചന്ദനും പൂജയും മെയ് 29ന് മരിച്ചു. ആരതി മെയ് 30നാണ് മരിച്ചത്. മൂന്ന് പേരും കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ കുട്ടികൾക്ക് വിളർച്ചയും ന്യുമോണിയയും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം നിലവിൽ 18,378 രോഗബാധിതരാണ് ബിഹാറിൽ ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 6,82,166 വീണ്ടെടുക്കലുകളും 5,104 മരണങ്ങളും റിപ്പോർട്ട് ചെയ്തു.