ന്യൂഡൽഹി: എൻഎസ്‌ജി മുൻ മേധാവി ജെ.കെ ദത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 2008ലെ മുംബൈ ഭീകരാക്രമണം നേരിട്ട കമാൻഡോ ഫോഴ്‌സിന്‍റെ തലവനായിരുന്നു 72കാരനായ ദത്ത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ഏപ്രിൽ 14നാണ് അദ്ദേഹത്തെ ഗുഡ്ഗാവിലെ മെഡന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിച്ചു.
Also Read: മില്‍ഖ സിങ്ങിന് കൊവിഡ്
പശ്ചിമ ബംഗാളിലെ 1971 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്നു ജെ.കെ എന്ന് വിളിക്കുന്ന ജ്യോതി കൃഷൻ ദത്ത്. 2006 ഓഗസ്റ്റ് മുതൽ 2009 ഫെബ്രുവരി വരെ നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെ (എൻഎസ്‌ജി) ഡിജി ആയി സേവനമനുഷ്ഠിച്ച അദ്ദേഹം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലും (സിബിഐ) ജോലി ചെയ്തിരുന്നു. 2005ൽ സിബിഐയുടെ ഡയറക്ടറായി നിയമിതനായി. ജെ.കെ ദത്തിന്‍റെ മരണത്തിൽ എൻഎസ്‌ജി ഉദ്യോഗസ്ഥർ അനുശോചനം രേഖപ്പെടുത്തി.