ദിസ്‌പൂര്‍ (അസം): അസമില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കൊടുങ്കാറ്റിലും ശക്തമായ ഇടിമിന്നലിലുമായി ജീവന്‍ നഷ്‌ടമായത് 20 പേര്‍ക്ക്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഏപ്രില്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തെ 22 ജില്ലകളിലാണ് കൊടുങ്കാറ്റും ശക്തമായ ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്‌തത്.
95,239 പേരെ ഇത് നേരിട്ട് ബാധിച്ചുവെന്നും അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകളില്‍ വ്യക്തമാണ്. കൊടുങ്കാറ്റും ഇടിമിന്നലും മൂലം 20 മരണം റിപ്പോര്‍ട്ട് ചെയ്‌തതില്‍ 19 പേര്‍ ഏപ്രില്‍ മാസത്തിലും ഒരാള്‍ മാര്‍ച്ച് മാസം അവസാനത്തിലുമാണ് മരിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 3,011 വീടുകള്‍ പൂര്‍ണമായും 19,256 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
1,333 ഹെക്‌റ്റര്‍ പാടശേഖരത്തിന് നാശനഷ്‌ടം സംഭവിച്ചുവെന്നും കണക്കുകളില്‍ പറയുന്നു. അതേസമയം, മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
Also read: രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ലഭിക്കുക സാധാരണ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്