ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 1.122 കിലോ ഹെറോയിനുമായി ഒരു നൈജീരിയന്‍ പൗരനുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. നൈജീരിയന്‍ പൗരന്‍ മയക്കുമരുന്ന് വിതരണക്കാരനും മറ്റ് രണ്ട് പേര്‍ പഞ്ചാബ് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവരുമാണ്.
ഗുര്‍സേവക് സിങ്, അമൃത്പാല്‍ സിങ് എന്നിവരെ പോസ്‌വല്‍ ചൗക്കിന് സമീപം മോഹന്‍ ഗാര്‍ഡനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഇവരെ കാത്ത് നിന്നു. സംശയം തോന്നിയ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നുവെന്ന് മോഹന്‍ ഗാര്‍ഡന്‍ എസ്എച്ച്ഒ രാജേഷ് മൗര്യ അറിയിച്ചു. ഇവരില്‍ നിന്ന് യഥാക്രമം 350 ഗ്രാം, 650 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തു.
Also read: ഡോക്‌ടറാകാൻ സമ്മര്‍ദം: കരാട്ടെ ബെല്‍റ്റ് കുരുക്കി അമ്മയെ കൊന്ന് 15 കാരി
ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് നൈജീരിയന്‍ പൗരനായ ആന്‍യിഗിഡെ ഫ്രാങ്കലിന്‍ എന്നയാളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇയാളില്‍ നിന്ന് 472 ഗ്രാം ഹെറോയിന്‍ പിടിച്ചേടുത്തു. നൈജീരിയന്‍ പൗരനെതിരെ സെക്‌ഷന്‍ 14 എ ഫോറിനേഴ്‌സ് ആക്‌ട് ചുമത്തിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.