ന്യൂഡൽഹി: കശ്‌മീരി അക്‌ടിവിസ്റ്റ് സുശീൽ പണ്ഡിറ്റിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബിൽ നിന്നുള്ള സുഖ്‌വീന്ദർ (25), ലഖാൻ (21) എന്നിവരാണ് ആർകെ പുരം പൊലീസിന്‍റെ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനും ഹൈവ് കമ്മ്യൂണിക്കേഷൻ ഇന്ത്യയുടെ സിഇഒയുമാണ് സുശീൽ പണ്ഡിറ്റ്.
പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശി പ്രിൻസ് ആണ് പണം നൽകി സുശീലിനെ വധിക്കാൻ തങ്ങളെ ഡൽഹിയിലേക്ക് അയച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പഞ്ചാബിൽ കൊലപാതക കുറ്റത്തിന് വിചാരണ നേരിടുന്ന ആളാണ് പ്രിന്‍സ്. ഇയാൾ 10 ലക്ഷം രൂപ നൽകിയതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവരിൽ നിന്ന് സുശീൽ പണ്ഡിറ്റിന്‍റെ ഫോട്ടോ അടങ്ങിയ മൊബൈൽ ഫോണും നാല് പിസ്റ്റലുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് വേണ്ടി കേസ് സ്‌പെഷ്യൽ സെല്ലിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.