ലഖ്‌നൗ: ഗാസിയാബാദിൽ ശ്‌മശാനത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് 21 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ബന്ധുവിന്‍റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാനെത്തിയവരാണ് കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് മരിച്ചത്. മഴയെ തുടർന്ന് ശ്‌മശാനത്തിന്‍റെ കെട്ടിടത്തിലേക്ക് കയറി നിന്നവരാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഗാസിയാബാദ് പൊലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു.
പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തെ സംബന്ധിക്കുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മീററ്റിലെ ഡിവിഷണൽ കമ്മിഷണറോടും അഡീഷണൽ ഡയറക്‌ടർ ജനറലിനോടും ആവശ്യപ്പെട്ടു.