തെലങ്കാന : സംഗറെഡ്ഡി ജില്ലയിൽ 12 വയസുകാരന്‍ 55കാരനെ കൊലപ്പെടുത്തി. ശനിയാഴ്‌ച പുലർച്ചെ ദൗലത്താബാദിലാണ് ഞെട്ടിക്കുന്ന സംഭവം. എം അമദയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണ് വധത്തിലേക്ക് നയിച്ചത്.
പൊലീസിന്‍റെ വാക്കുകളിങ്ങനെ : അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട എം അമദയ്യ പ്രായപൂർത്തിയാകാത്ത പ്രതിയുമായി ശനിയാഴ്‌ച രാത്രി വൈകും വരെ മദ്യപിച്ചിരുന്നു. മദ്യശാലയ്ക്ക് സമീപമാണ് ഇരുവരും കേന്ദ്രീകരിച്ചത്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ആരംഭിച്ചു. വഴക്കിനിടെ കുട്ടി ഒഴിഞ്ഞ ബിയർ കുപ്പി വെച്ച് അമദയ്യയുടെ തലയിൽ അടിക്കുകയായിരുന്നു.
തലയ്‌ക്കേറ്റ കനത്ത പ്രഹരത്തെ തുടർന്ന് അമദയ്യ നിലത്തുവീണു. തല പൊട്ടി രക്തം ഒഴുകിയിട്ടും പ്രതി മര്‍ദനം നിർത്തിയില്ല. രോഷാകുലനായ ആൺകുട്ടി പൊട്ടിയ ബിയർ കുപ്പി കൊണ്ട് അമദയ്യയുടെ തൊണ്ടയിൽ കുത്തുകയും കഴുത്ത് മുറിക്കുകയും ചെയ്‌തു. വീണ്ടും ദേഹോപദ്രവം തുടരുകയും അമദയ്യയെ ചവിട്ടി വീഴ്ത്തുകയും ചെയ്‌തു.
മരണം ഉറപ്പാക്കിയ ശേഷം പ്രതി ആമദയ്യയുടെ പോക്കറ്റിൽ നിന്ന് 500 രൂപ എടുക്കുകയും സ്ഥലം വിടുകയുമായിരുന്നു. അടുത്തുള്ള സർക്കാർ സ്‌കൂൾ വളപ്പിൽ രാത്രി ചെലവിട്ട പ്രതി പിറ്റേന്ന് രാവിലെ ഗുമ്മഡിലയിൽ പോയി പുതിയ വസ്‌ത്രങ്ങൾ വാങ്ങുകയും ഒന്നും സംഭവിക്കാത്തതുപോലെ ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്‌തുവെന്നും പൊലീസ് അറിയിച്ചു.
നിർണായകമായത് സി സി ടി വി ദൃശ്യങ്ങൾ : ദാരുണമായ കൊലപാതകത്തിൽ നിർണായകമായത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്. മദ്യശാലയ്ക്ക് സമീപം രക്തത്തിൽ കുളിച്ച നിലയിൽ അമദയ്യയുടെ മൃതദേഹം ഞായറാഴ്‌ച നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചു. ആദ്യ ഘട്ടത്തിൽ പ്രദേശവാസികള്‍ക്കോ പൊലീസിനോ പ്രതിയെക്കുറിച്ച് ധാരണകൾ ഉണ്ടായിരുന്നില്ല.
എന്നാൽ സമീപ കടകളിലെ സി സി ടി വി ദൃശ്യങ്ങൾ തുണയായി. ഇങ്ങനെ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വിവരം പങ്കുവച്ചതുപ്രകാരം പ്രതിയെ കോനിയയിൽ നിന്ന് ഗ്രാമവാസികൾ പിടികൂടി പൊലീസിന് കൈമാറി.
പ്രകോപിതനായത് അമദയ്യയുടെ കൊലപാതക ഭീഷണിയില്‍ : അമദയ്യ മദ്യപിക്കുന്നതിനിടെ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടര്‍ന്നാണ് വഴക്കും തുടര്‍ന്ന് വധവും നടന്നതെന്ന് പന്ത്രണ്ടുകാരൻ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമദയ്യയുടെ ഭാര്യ വെങ്കിട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വെളിപ്പെടുത്തി.
പ്രതി കുട്ടി ക്രിമിനൽ : പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആറാം ക്ലാസ് പഠനം ഉപേക്ഷിച്ച കുട്ടി മൊബൈൽ ഫോണുകൾ മോഷ്‌ടിക്കുകയും പെൺകുട്ടികളെ ശല്യപ്പെടുത്തുകയും ചെയ്‌ത സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രതിയെക്കുറിച്ച് ഇതിന് മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുന്ന സാഹചര്യത്തിൽ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും മരണപ്പെട്ട അമദയ്യയുമായി കുട്ടിക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.