ഇടുക്കിയിൽ എച്ച് ഡി പി പൈപ്പുകൾ കത്തി നശിച്ച സംഭവം; പരിശോധന നടത്തി ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ - ജല വിഭവ വകുപ്പ്
Published : Mar 3, 2024, 9:27 PM IST
ഇടുക്കി: ജലജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്കായി പൂപ്പാറ വില്ലേജ് ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന എച്ച് ഡി പി പൈപ്പുകൾ കത്തി നശിച്ച സ്ഥലത്ത് പരിശോധന നടത്തി ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ. രണ്ട് കോടിയുടെ നാശനഷ്‌ടം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ജല വിഭവ വകുപ്പ് കട്ടപ്പന പ്രോജക്‌ട് ഓഫീസ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം.സുധീർ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.അബി, അസിസ്റ്റന്‍റ് എൻജിനീയർ സന്ദീപ് എസ്.പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ് പൈപ്പുകളിൽ തീപടർന്നത്. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് രണ്ടുമണിക്കൂറുകൾക്ക് ശേഷം തീ അണച്ചത്. 55 കിലോമീറ്റർ നീളത്തിലുള്ള 90 എം എം പൈപ്പുകൾ പൂർണമായും കത്തി നശിച്ചെന്ന് അധികൃതർ പറഞ്ഞു. ബാക്കിയുള്ള പൈപ്പുകളും ചൂടേറ്റ് കനം കുറഞ്ഞതിനാൽ ഇനി ഉപയോഗിക്കാനാവില്ല. രണ്ടു കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജില്ലാ പൊലീസ് മേധാവിക്കും, ശാന്തൻപാറ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.