കെപിസിസി വാക്ക് പാലിക്കുന്നു, അടിമാലിയില്‍ മറിയക്കുട്ടിക്ക് വീട്; തറക്കല്ലിടല്‍ നടത്തി നേതാക്കള്‍ - അടിമാലി മറിയക്കുട്ടി
Published : Jan 26, 2024, 8:50 PM IST
ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ യാചന സമരം നടത്തിയ മറിയക്കുട്ടിക്ക് കെപിസിസി വാഗ്‌ദാനം ചെയ്‌ത ഭവനമൊരുങ്ങുന്നു. അടിമാലി ഇരുന്നൂറേക്കറിലാണ് വീട് നിര്‍മ്മിക്കുന്നത്. വീടിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മറിയക്കുട്ടിയുടെ വേറിട്ട പ്രതിഷേധം സംസ്ഥാനത്താകെ ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു മറിയക്കുട്ടിക്കായി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കെപിസിസി പ്രഖ്യാപനം നടത്തിയത്. മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള ഇരുന്നൂറേക്കറിലെ സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന പഴയ വീട് പൊളിച്ച് നീക്കി തറയുടെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു. വീട് നിര്‍മാണത്തിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു കെപിസിസി വൈസ് പ്രസിഡന്‍റ് വിപി സജീന്ദ്രന്‍ മറിയക്കുട്ടിക്ക് കൈമാറി. കെപിസിസി നല്‍കുന്ന 5 ലക്ഷം രൂപയ്‌ക്ക് പുറമെ വരുന്ന ചെലവ് നിര്‍മ്മാണ ചുമതല വഹിക്കുന്ന അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കും. അടിമാലിയില്‍ നടന്ന ചടങ്ങില്‍ കെപിസിസി മുന്‍ വൈസ് പ്രസിഡന്‍റ് എകെ മണി, യുഡിഎഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, പിവി സ്‌കറിയ, സോളി ജീസസ്, ബാബു പി കുര്യാക്കോസ്, ഡി.കുമാര്‍, ജി.മുനിയാണ്ടി, കെ ഐ ജീസസ്, എസ് വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.