കാസർകോട് പെർളയിൽ വൻ കഞ്ചാവ് വേട്ട ; പിടിച്ചത് 104 കിലോ, രണ്ടുപേർ അറസ്‌റ്റിൽ - പെർളയിൽ വൻ കഞ്ചാവ് വേട്ട
Published : Feb 26, 2024, 10:15 AM IST
കാസർകോട് : പെർളയിൽ വൻ കഞ്ചാവ് വേട്ട (Ganja Hunt Kasaragod). 104 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. പെർള സ്വദേശി ഷെരീഫ്, കുമ്പള സ്വദേശി ഷെഹീർ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. പെർളയിൽ വച്ച് കാസർകോട് എക്‌സൈസ് ആൻഡ് സ്പോർട്‌സ്മെന്‍റ് ആൻഡ് ആന്‍റിനറി കോട്ടക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്‌ടർ അമൽ രാജനും പാർട്ടിയും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. പിക്കപ്പ് ജീപ്പിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രേഡ് എഇഐ ജെയിംസ് എബ്രഹാം കുരിയോ, മുരളി, പ്രിവന്‍റീവ് ഓഫീസർ സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്‌റ്റ്യന്‍, പ്രജിത്ത്, ഷിജിത്ത്, മഞ്ജുനാഥൻ സതീശൻ, മെയ്മോള്‍ ജോൺ, ക്രിസ്‌റ്റീൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഒഡിഷയിൽ നിന്ന് 28 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ മംഗളൂരുവിൽ അറസ്‌റ്റിലായിരുന്നു. വയനാട് സ്വദേശി എം എസ് അനൂപ്, കണ്ണൂർ സ്വദേശി കെ വി ലത്തീഫ് എന്നിവരെയാണ് സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് 120 കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു.