ഇന്ന് ഞാൻ നാളെ നീ എന്ന ഗതി, കോൺഗ്രസിന് ബിജെപിയാകാൻ ഒരു രാത്രി പോലും വേണ്ട : ബിനോയ് വിശ്വം - ബിജെപി
Published : Mar 7, 2024, 4:38 PM IST
കൽപ്പറ്റ : കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് ഞാൻ നാളെ നീ എന്ന ഗതിയാണ് കോൺഗ്രസിലെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. രായ്ക്ക് രാമാനം കോൺഗ്രസുകാർ ബിജെപിയിലേക്ക് കൂടുമാറുകയാണ്. ആര് വേണമെങ്കിലും പോകാം എന്ന അവസ്ഥയാണ് കോൺഗ്രസില്‍. പുതിയ കോൺഗ്രസിന് ബിജെപി ആകാൻ ഒരു രാത്രി പോലും വേണ്ട. ഈ കോൺഗ്രസിനെ ആശ്രയിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോട് മനസുകൊണ്ട് കടപ്പെട്ട ഹൃദയം പണയപ്പെടുത്തിയ നിലയിലേക്ക് പുതിയ കോൺഗ്രസ് മാറി. കോൺഗ്രസ് മഹാത്മാഗാന്ധിയുടെ പാർട്ടിയാണോ അതോ ഗോഡ്‌സെയുടെ പാർട്ടിയായി മാറിക്കഴിഞ്ഞോ എന്ന് അവർ ചിന്തിക്കണം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നവരെ തള്ളിപ്പറയുന്നത് നല്ലതാണ്. തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോൾ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയുമുണ്ടെന്നും കെ മുരളീധരൻ അങ്ങനെ ആവാതിരിക്കട്ടെയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ, മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.