ന്യൂഡൽഹി:ഒരു വെജിറ്റേറിയൻ താലി തയ്യാറാക്കുന്നതിനുള്ള ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം വർധിച്ചതായി ക്രിസിൽ എംഐ & എ (CRISIL MI&A) റിസർച്ച് അതിൻ്റെ പ്രതിമാസ സൂചകമായ ഫുഡ് പ്ലേറ്റ് ചെലവ് റിപ്പോർട്ടിൽ സൂചിപ്പിച്ചു. എന്നാൽ ഇതിന് വിപരീതമായി, ബ്രോയിലർ വിലയിലുണ്ടായ ഇടിവ് കാരണം നോൺ - വെജ് താലിയുടെ വില 7 ശതമാനം കുറഞ്ഞു.
അടിസ്ഥാനപരമായി, ഈ വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് സസ്യാഹാരം ഉണ്ടാക്കുന്നത് ചെലവേറിയതും നോൺ - വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാക്കുന്നത് വിലകുറഞ്ഞതും ആയിത്തീർന്നു എന്ന് ഗവേഷണം എടുത്തുകാണിക്കുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ വിലയിലുണ്ടായ വർധനവ് വെജിറ്റേറിയൻ താലിയുടെ വില വർധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയിൽ യഥാക്രമം 39 ശതമാനം, 41 ശതമാനം, 43 ശതമാനം എന്നിങ്ങനെയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ റാബി വിളകൾ ഗണ്യമായ കുറഞ്ഞതും വിളനാശവും കാരണം ഉരുളക്കിഴങ്ങിന്‍റെ വരവ് കുറഞ്ഞതും വിളവെടുപ്പ് കുറഞ്ഞതും ഉരുളക്കിഴങ്ങിന്‍റെ വില ഉയരാൻ കാരണമായി. ഈ വർഷം ഉള്ളി ഉത്‌പാദനത്തിൽ കുറവുണ്ടാകുമെന്ന് കൃഷി കർഷക ക്ഷേമ മന്ത്രാലയം അടുത്തിടെ പ്രതീക്ഷിച്ചിരുന്നു. ഭക്ഷ്യവസ്‌തുക്കളുടെ വില ഇനിയും കൂടുമെന്നാണ് ആശങ്ക. ഏകദേശം 204.96 ദശലക്ഷം ടൺ പച്ചക്കറി ഉൽപ്പാദനം മാത്രമേ ഇത്തവണ ഉണ്ടാകുവെന്നും മന്ത്രാലയം അറിയിച്ചു.