വയനാട്: മൂന്നു പതിറ്റാണ്ടായി രാഷ്ട്രീയത്തിലുള്ള പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിന് തെരഞ്ഞെടുത്ത വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും പ്രചാരണത്തിനുണ്ടായിരുന്നു. മുമ്പ് രണ്ടു തവണയും രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനും പ്രചാരണത്തിനുമായി ആകെ രണ്ടു ദിവസം മണ്ഡലത്തില്‍ ചെലവഴിക്കുന്നതായിരുന്നു രീതി. വയനാട്ടില്‍ ഒറ്റ ദിവസത്തെ റോഡ് ഷോ നടത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രചാരണത്തിന് പോവുന്നതായിരുന്നു രാഹുലിന്‍റെ പതിവ്. എന്നാല്‍ ആ പതിവ് ഇത്തവണ സഹോദരി പ്രിയങ്ക വാദ്ര തെറ്റിച്ചു.
ഒക്ടോബര്‍ 23 ന് ബുധനാഴ്‌ചയാണ് വയനാട്ടിലെ തന്‍റെ കന്നിയങ്കത്തിനായി അമ്മ സോണിയാ ഗാന്ധിക്കൊപ്പം പ്രിയങ്ക എത്തിയത്. മൈസൂരുവില്‍ നിന്ന് റോഡ് മാര്‍ഗമായിരുന്നു പ്രിയങ്കാ ഗാന്ധി വാദ്ര വയനാട് ജില്ലാ അതിര്‍ത്തി കടന്ന് ബത്തേരിയില്‍ എത്തിയത്. വഴിയില്‍ ഉടനീളം കാത്തു നിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തും അപ്രതീക്ഷിതമായി ചിലരുടെ വീടുകളിലേക്ക് കടന്നു ചെന്നുമൊക്കെ രാജീവ് ശൈലിയില്‍ പ്രിയങ്ക വയനാട്ടിലെ വോട്ടര്‍മാരെ കൈയിലെടുത്തു.
പ്രിയങ്കയും രാഹുലും വയനാട്ടിലെ പ്രചാരണത്തില്‍ (IANS) പ്രയങ്കയുടെ പ്രചാരണം
ജീവിതത്തിന്‍റെ നാനാതുറകളില്‍പ്പെട്ടവരുമൊത്ത് ഫോട്ടോകള്‍ക്ക് പോസു ചെയ്യാനും ആദ്യ ദിവസം പ്രിയങ്ക സമയം കണ്ടെത്തി. കൂടിക്കാഴ്‌ച നടത്തിയവര്‍ നല്‍കിയ സ്നേഹോപഹാരങ്ങള്‍ സ്വീകരിച്ച് അത്തരം ഹൃദയ സ്‌പര്‍ശിയായ അനുഭവങ്ങള്‍ ഒപ്പമുള്ള സോഷ്യല്‍ മീഡിയ ടീം യഥാസമയം സമൂഹ മാധ്യമ പേജുകളില്‍ പങ്കു വെച്ചു കൊണ്ടേയിരുന്നു.
സപ്‌താ റിസോര്‍ട്ട് എന്ന സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയ സോണിയയും പ്രിയങ്കയും തൊട്ടടുത്ത ദിവസം രാവിലെ കല്‍പ്പറ്റയിലേക്ക് തിരിച്ചു. പത്രിക സമര്‍പ്പണത്തിന് റോഡ് ഷോയായാണ് പ്രിയങ്ക എത്തിയത്. കല്‍പ്പറ്റ പുതിയ ബസ് സ്‌റ്റാന്‍റ് പരിസരത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ നീണ്ട റോഡ് ഷോയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും പങ്കെടുത്തു.
കന്നിയങ്കം
പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം എഐസിസി അതീവ ഗൗരവമായാണ് കൈകാര്യം ചെയ്‌തത്. പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്താന്‍ രാഹുല്‍ ഗാന്ധി 3 തവണ വയനാട്ടിലെത്തി. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടയിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുതല്‍ വിനേഷ് ഫോഗട്ട് വരെയുള്ള താര പ്രചാരകരേയും നേതാക്കളേയുമൊക്കെ കോണ്‍ഗ്രസ് വയനാട്ടിലിറക്കി.
പ്രിയങ്കയും രാഹുലും വയനാട്ടില്‍ (IANS) കൂടുതല്‍ രാഷ്ട്രീയം പറയുന്നതിന് പകരം വൈകാരികമായ പ്രചാരണത്തിലാണ് വയനാട് മണ്ഡലത്തിലുടനീളം രാഹുലും പ്രിയങ്കയും ഊന്നിയത്. പ്രചാരണ യോഗങ്ങളിലും സ്നേഹവും കരുതലും ഒക്കെയാണ് പ്രിയങ്ക വിഷയമാക്കിയത്. വളരെ അപൂര്‍വമായി രാഷ്ട്രീയം പറഞ്ഞപ്പോള്‍ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയവും രാജ്യത്തെ മതത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളുമൊക്കെ പ്രിയങ്ക ഉന്നയിച്ചു.
ദുരിതാശ്വാസത്തില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ വിമര്‍ശിച്ച പ്രിയങ്ക ഒരിക്കല്‍പ്പോലും കേരളത്തിലെ ഇടത് മുന്നണി സര്‍ക്കാരിനേയോ മുഖ്യമന്ത്രി പിണറായി വിജയനേയോ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടില്ല. പ്രസംഗത്തിന്‍റെ ദൈര്‍ഘ്യം കുറച്ച് വയനാട് മണ്ഡലത്തിന്‍റെ എല്ലാ പ്രധാന കവലകളിലും പ്രിയങ്കയെ എത്തിക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാനേജര്‍മാര്‍ ശ്രദ്ധിച്ചു. ആദ്യ ഘട്ടത്തില്‍ റോഡ് ഷോയും വോട്ടര്‍മാരുടെ കൂടിക്കാഴ്‌ചകളും നടത്തിയ പ്രിയങ്ക രണ്ടാം ഘട്ടത്തില്‍ രണ്ട് ദിവസം മണ്ഡലത്തില്‍ പ്രചാരണം നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദീപാവലി ആഘോഷത്തിനായി മടങ്ങിയ പ്രിയങ്ക മൂന്നാമതും പ്രചാരണത്തിനെത്തിയപ്പോള്‍ മണ്ഡലത്തില്‍ നാല് ദിവസമാണ് ചെലവഴിച്ചത്. രാഹുലിനെപ്പോലെ പ്രിയങ്കയും വയനാട്ടിനെ വിട്ടു പോകുമെന്ന എതിരാളികളുടെ പ്രചാരണം ചെറുക്കാന്‍ സ്ഥാനാര്‍ഥിയെ കൂടുതലായി മണ്ഡലത്തിലിറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അങ്ങിനെ നാലാം ഘട്ടത്തില്‍ കൊട്ടിക്കലാശത്തിന് മുന്നോടിയായുള്ള അവസാന വട്ട പ്രചാരണത്തിന് പ്രിയങ്ക നവംബര്‍ പത്തിന് വയനാട്ടിലെത്തി.
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്‌മം ഒഴുക്കിയ തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് പ്രിയങ്ക അവസാന വട്ട പ്രചാരണം തുടങ്ങിയത്. 2019 ല്‍ രാഹുല്‍ ഗാന്ധി പ്രചാരണം തുടങ്ങിയതും തിരുനെല്ലിയില്‍ നിന്നായിരുന്നു. കൊട്ടിക്കലാശത്തിന് ബത്തേരി മുതല്‍ റോഡ് ഷോ നടത്തിയ പ്രിയങ്കയും രാഹുലും തിരുവമ്പാടിയില്‍ പ്രചാരണ സമാപനം വരെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു.
'വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിന്‍റെ എല്ലാ ഘട്ടത്തിലും പ്രിയങ്കാ ഗാന്ധി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. അത് വല്ലാത്ത ഊര്‍ജ്ജമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. എതിരാളികള്‍ നടത്തിയ കുപ്രചാരണങ്ങളെയെല്ലാം സ്നേഹത്തിന്‍റെയും ഹൃദയത്തിന്‍റേയും ഭാഷയില്‍ പ്രതിരോധിക്കാനും മറുപടി നല്‍കാനുമാണ് പ്രിയങ്കാ ഗാന്ധി ശ്രമിച്ചത്. ഇടത് ബിജെപി നേതാക്കള്‍ക്ക് മറുപടി പറയാനല്ല, മറിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരുമായി നിരന്തരം സംവദിക്കാനാണ് അവര്‍ ശ്രമിച്ചത്.' കല്‍പ്പറ്റ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദിഖ് പറഞ്ഞു.
ഇടത് പ്രചാരണം, സിപിഐയുടെ പ്രതീക്ഷ
സത്യന്‍ മൊകേരി (Facebook) രാഹുല്‍ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് വഞ്ചന കാട്ടിയെന്നും ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും വിശദീകരിച്ചു കൊണ്ടാണ് ഇടത് മുന്നണി വയനാട്ടില്‍ പ്രചാരണം നടത്തിയത്. 'എം പിയെന്ന നിലയില്‍ രാഹുല്‍ വയനാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ നിഷ്ക്രിയനായിരുന്നു. എന്തു കൊണ്ട് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു എന്ന് വോട്ടര്‍മാരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
സത്യന്‍ മൊകേരിയുടെ പ്രചാരണത്തില്‍ നിന്നും (Facebook) സത്യന്‍ മൊകേരി (Facebook) തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസും യുഡിഎഫും വയനാട്ടില്‍ തയാറായിരുന്നില്ല. ജനകീയ വിഷയങ്ങളൊന്നും പറയാതെ വൈകാരികമായ രീതിയില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ ജനവിധിയിലൂടെ ഇതിന് തിരിച്ചടി നല്‍കുമെന്ന് ഉറപ്പുണ്ട്' സിപിഐ നേതാവും രാജ്യസഭാ എംപിയുമായ പി സന്തോഷ് കുമാര്‍ പറഞ്ഞു. 2014 ല്‍ കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം 20870 ആക്കിക്കുറച്ച സത്യന്‍ മൊകേരി 10 വര്‍ഷത്തിനിപ്പുറം വീണ്ടും മത്സരത്തിനിറങ്ങുമ്പോള്‍ സിപിഐക്ക് പ്രതീക്ഷയുണ്ട്.
വിനോദ സഞ്ചാരിയെന്ന് ബിജെപി
ബിജെപി പ്രചാരണം (Facebook) വിനോദ സഞ്ചാരികളെപ്പോലെ വന്ന് മടങ്ങുന്ന എംപിയെയല്ല വയനാട്ടിന് വേണ്ടതെന്ന് ബിജെപി നേതാവ് കെ സദാനന്ദന്‍ പറഞ്ഞു.' സഹോദരന് പകരം സഹോദരിയെ ഇറക്കി വയനാട്ടിലെ വോട്ടര്‍മാരെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ് ചെയ്‌തത്. ദുരന്തങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും നിന്ന് വയനാട്ടിനെ രക്ഷിക്കാന്‍ കെല്‍പ്പുള്ള, വന്യജീവി ശല്യത്തിന് പരിഹാരം കാണാന്‍ കഴിവുള്ള വയനാട്ടുകാര്‍ക്ക് വികസനവും തൊഴിലും ഉറപ്പാക്കാന്‍ ശരിയായ വീക്ഷണമുള്ള ജനപ്രതിനിധിയാണ് വേണ്ടതെന്ന് ഇന്നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെറും എംപിയായി ഇരിക്കാനുള്ള പ്രതിനിധിയെ അല്ല, കേന്ദ്ര മന്ത്രിയായി മാറാനുള്ള എംപിയെത്തന്നെ ഇത്തവണ വയനാട് തെരഞ്ഞെടുക്കുമെന്ന് ബിജെപിക്ക് ഉറപ്പുണ്ട്.' കോഴിക്കോട് കോര്‍പ്പറേഷനിലെ ബിജെപി കക്ഷി നേതാവ് നവ്യ ഹരിദാസ് എന്ന മുന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ വയനാട്ടില്‍ പ്രചാരണ രംഗത്ത് വലിയ മുന്നേറ്റം തന്നെ കാഴ്‌ച വെച്ചിരുന്നു. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും ഓടിയെത്തുന്നതിലും അനായാസം വോട്ടര്‍മാരുമായി ഇടപെടുന്നതിലും നവ്യയുടെ വിരുത് ബിജെപിക്ക് വയനാട്ടില്‍ ഊര്‍ജമായി.
ആരോപണ പ്രത്യാരോപണങ്ങള്‍
പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം മുസ്‌ലിം ലീഗ് ആഘോഷമാക്കുന്നതും എസ്‌ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ പ്രിയങ്കയെ പിന്തുണക്കുന്നതുമൊക്കെ ഗൗരവമായിത്തന്നെ വയനാട്ടിലെ പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. രണ്ടാം പ്രിയദര്‍ശിനിയായി പ്രിയങ്കയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് മുതിര്‍ന്നത്.
വയനാട് ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് നല്‍കാനുളള ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാതെ വെച്ചു താമസിപ്പിച്ച് പുഴുവരിച്ചുവെന്ന പരാതിയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയ ഉദ്യോഗസ്ഥര്‍ ധൂര്‍ത്ത് നടത്തിയെന്ന ആക്ഷേപവും തെരഞ്ഞെടുപ്പ് വേളയില്‍ ചെറുതായെങ്കിലും ഉയര്‍ന്നു വന്നു. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ഭരണ സമിതിയുടെ വീഴ്‌ചയായി കിറ്റ് സംഭവത്തെ ഇടത് മുന്നണി അവതരിപ്പിച്ചപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ധൂര്‍ത്തിന് സംസ്ഥാന സര്‍ക്കാരിനേയും ഇടത് തുമുന്നണിയെയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസും തിരിച്ചടിച്ചു.
ദുരിതബാധിതര്‍ക്ക് വിതരണം ചെയ്‌ത കിറ്റിലെ സോയാബീന്‍ കഴിച്ച് 3 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതും പ്രചാരണ രംഗത്ത് ചര്‍ച്ചയായിരുന്നു. രാഹുലിന്‍റേയും പ്രിയങ്കയുടേയും ഫോട്ടോ അച്ചടിച്ച ഭക്ഷ്യ കിറ്റുകള്‍ തോല്‍പ്പെട്ടിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ മില്ലില്‍ നിന്ന് പിടിച്ചെടുത്തതും എതിരാളികള്‍ ചര്‍ച്ചയാക്കി. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കര്‍ണാടകയില്‍ നിന്നെത്തിച്ച കിറ്റുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വിതരണം ചെയ്യാനാവാതെ സൂക്ഷിക്കാന്‍ മാറ്റിയതാണെന്ന വിശദികരണവുമായി കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിച്ചു.
ഇനി നിശബ്‌ദ പ്രചാരണത്തിന്‍റെ 24 മണിക്കൂറുകളാണ്. തുടര്‍ന്ന് പോളിങ് ബൂത്തുകളിലെ വിധിയെഴുത്ത്. വയനാട്ടുകാരുടെ ജനഹിതം അറിയാന്‍ വീണ്ടും 10-നാള്‍ കാത്തിരിക്കണം.
Also Read:മഴയിലും ആവേശം പകര്‍ന്ന് പ്രിയങ്ക, വയനാട്ടില്‍ കരുത്ത് കാട്ടി മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു