തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ 5.75 ലക്ഷം കന്നി വോട്ടര്‍മാര്‍. സംസ്ഥാനത്ത് മൊത്തം 2,70,99,326 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,74,175 വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരാണ്. മരണപ്പെട്ടവര്‍, പേര് ഇരട്ടിക്കപ്പെട്ടവര്‍ എന്നിങ്ങനെയുള്ളത് ഒഴിവാക്കി വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തില്‍ 3,75,867 പേരുകളാണ് ഇത്തവണ ഒഴിവായത്.
ആകെ വോട്ടര്‍മാരില്‍ 309 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരാണ്, 1,39,96,729 സ്ത്രീ വോട്ടര്‍മാരും 1,31,02,288 പുരുഷ വോട്ടര്‍മാരുമുണ്ട്. വോട്ടര്‍ പട്ടികയിലെ സ്ത്രീ, പുരുഷ അനുപാതം 1068 ആണ്. 32,79,172 വോട്ടര്‍മാരുള്ള മലപ്പുറമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല.
6,21,880 വോട്ടര്‍മാരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്. ഇതിന് പത്ത് ദിവസം മുമ്പ് മാര്‍ച്ച് 26വരെ നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ട്. ഇത് നീട്ടാനും സാധ്യതയുണ്ട്.
പ്രാദേശിക തലത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി (ബിഎല്‍ഒ) ബന്ധപ്പെട്ടാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകും. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വോട്ടര്‍ പട്ടിക പരിശോധിക്കാനും സാധിക്കും. താലൂക്ക്, വില്ലേജ് ഓഫീസുകള്‍ വഴിയും വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഏറ്റവും പുതിയ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ചുരുക്കത്തില്‍ :
- ആകെ പോളിങ് സ്‌റ്റേഷനുകള്‍: 25,177
- ആകെ വോട്ടര്‍മാര്‍: 2,70,99,326
- കന്നി വോട്ടര്‍മാര്‍: 5,74,175
- ഭിന്നലിംഗ വോട്ടര്‍മാര്‍: 309
- സ്‌ത്രീവോട്ടര്‍മാര്‍: 1,39,96,729
- പുരുഷ വോട്ടര്‍മാര്‍ - 1,31,02,288
- പ്രവാസി വോട്ടര്‍മാര്‍ - 88,223
- കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല : മലപ്പുറം (32,79,172)
- കുറവ് വോട്ടര്‍മാരുള്ള ജില്ല : വയനാട് (6,21,880)
- പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല: കോഴിക്കോട് (34,909)