തിരുവനന്തപുരം:അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കത്ത് നല്‍കി. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കത്ത് പൂര്‍ണരൂപത്തില്‍:സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അപൂര്‍വമായ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യം ഏറെ ആശങ്കാജനകമാണ്. മരണ നിരക്ക് കൂടുതലുള്ള ഈ രോഗം പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കഴിഞ്ഞ മാസങ്ങളില്‍ ഈ രോഗം പിടിപെട്ട് കുട്ടികള്‍ മരിച്ച സാഹചര്യമുണ്ടായി.
ഇപ്പോള്‍ രോഗം തിരുവനന്തപുരം ജില്ലയിലും ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ആറോളം പേര്‍ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയും 39 പേര്‍ രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണെന്നുമാണ് വിവരം. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്കഴിഞ്ഞ മാസം 23ന് ഒരു നെയ്യാറ്റിന്‍കര സ്വദേശി മരിച്ചിരുന്നു. മുങ്ങിക്കുളിക്കുമ്പോള്‍ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്‌ടീരിയ തലച്ചോറില്‍ എത്തുന്നതാണ് രോഗ കാരണമെന്നതാണ് പൊതുധാരണയെങ്കിലും, പേരൂര്‍ക്കട സ്വദേശി നിജിത് കുളത്തിലോ നദിയിലോ കുളിച്ചിട്ടില്ലെന്നാണ് അറിയുന്നത്.