കേരളം

kerala

ETV Bharat / state

'മയക്കുവെടി അവസാന അടി', കടുവ ചത്തത് രോഗബാധയും, കുടലിലെ അണുബാധയും, വൃക്കയ്ക്കും ആമാശയത്തിനുമുള്ള തകരാറും കാരണമെന്ന് റിപ്പോർട്ട്

അടുത്ത കാലത്ത് മയക്കു വെടിയേറ്റ പല വന്യജീവികളും മരണത്തിന് കീഴടങ്ങിയപ്പോൾ ഉയർന്ന ആരോപണത്തിന് ബലം നൽകുന്നതാണ് ഈ സംഭവം.

tiger report  tiger death  post mortem report  പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്  കൊട്ടിയൂർ പന്നിയാംമല
The tiger died due to muscle damage and stress; The post-mortem report is out

By ETV Bharat Kerala Team

Published : Feb 15, 2024, 10:07 AM IST

കോഴിക്കോട്: കൊട്ടിയൂർ പന്നിയാംമലയിൽ പിടികൂടിയ കടുവ ചത്തതിന്‌ കാരണം ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ഗുരുതര രോഗബാധയും, കുടലിലെ അണുബാധയും, വൃക്കയ്ക്കും ആമാശയത്തിനും ഉണ്ടായ പരിക്കുമാണെന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്. കെണിയിൽ പെട്ടതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മാംസപേശിക്കുണ്ടായ തകരാറും സമ്മർദവും കടുവയെ തളർത്തി. കെണിയിൽ കുടുങ്ങുന്നതിന് ഏറെനേരം മുൻപാണ് തീറ്റയെടുത്തത്. ഇവ പൂർണമായും ദഹിച്ചിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

ബുധനാഴ്‌ച (15-02-2024) വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ പാത്തോളജി വിഭാഗത്തിൽ ആറംഗ വിദഗ്‌ധ സംഘത്തിന്‍റെ സാന്നിധ്യത്തിൽ നാലുമണിക്കൂറോളം നീണ്ട പരിശോധനയിലാണ് ഇത് മനസ്സിലായത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ കോഴിക്കോട്ടെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. 12 വയസ്സുള്ള കടുവയുടെ ജഡം രാത്രി എട്ടോടെ കൽപ്പറ്റ റേഞ്ച് പരിധിയിലെ മണ്ടമലയിൽ ദഹിപ്പിച്ചു (The tiger died due to muscle damage and stress).

മേൽപറഞ്ഞ കാരണങ്ങളൊക്കെ നിലനിൽക്കുന്ന സമയത്ത് ഒരു വന്യജീവിയേയും മയക്കുവെടി വെയ്ക്കരുത് എന്നാണ് വിദഗ്‌ധ ഡോക്‌ടർമാരുടെ അഭിപ്രായം. അതായത് മയക്കുവെടി ഏറ്റതാണ് കടുവയുടെ മരണ കാരണം എന്ന് പറയാതെ പറയേണ്ടി വരുന്നു. അടുത്ത കാലത്ത് മയക്കു വെടിയേറ്റ പല വന്യജീവികളും മരണത്തിന് കീഴടങ്ങിയപ്പോൾ ഉയർന്ന ആരോപണത്തിന് ബലം നൽകുന്നതാണ് ഈ സംഭവം.

പക്ഷേ തിരുവനന്തപുരത്തെ കരടിയെ വേണ്ടത്ര മുന്നൊരുക്കങ്ങളും ആലോചനയും ഇല്ലാതെ കൊല്ലുകയായിരുന്നു. രണ്ട് തവണ മയക്കു വെടിയേറ്റിട്ട് അരിക്കൊമ്പനും, അതിന് മുമ്പ് ധോണിയിലെ കൊമ്പനും രക്ഷപ്പെട്ടത് അവർ പൂർണ്ണ ആരോഗ്യവാൻ ആയതുകൊണ്ടാണ്. അതേസമയം അപകടകാരികളായ വന്യമൃഗങ്ങളെ മയക്കുവെടി വെക്കുക അല്ലാതെ വനംവകുപ്പ് എന്ത് ചെയ്യും എന്നതും വലിയ ചോദ്യമാണ്. അതിന് വിശദമായ ഒരു പഠനം തന്നെ നടക്കേണ്ടതുണ്ട്.

സന്ദർഭോജിതമായി തീരുമാനമെടുക്കുക എന്നതാണ് പ്രധാനം. ചീറിപ്പാഞ്ഞ് ആക്രമിക്കുന്ന കടുവയേയും കെണിയിൽ കുടുങ്ങിയ കടുവയേയും ഒരേ രീതിയിലാണോ വലയിലാക്കേണ്ടത് എന്നതാണ് ചോദ്യം. വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് ഇപ്പോൾ നിത്യ സംഭവമാണ്. ആദ്യമൊക്കെ അത് ഒരു അതിശയ കാഴ്‌ചയാണ്. എണ്ണം പെരുകുന്നതും തമ്മിൽ തല്ലും ഭക്ഷണത്തിന്‍റെ ലഭ്യതക്കുറവുമെല്ലാം വന്യമൃഗങ്ങളെ കാട് വിടാൻ കാരണമാകുന്നുണ്ട്. ഇതിനാണ് ആദ്യം പരിഹാരം തേടേണ്ടത്. ഒപ്പം നാട്ടിലിറങ്ങുന്നവയെ കൊല്ലാതെ എങ്ങനെ രക്ഷപ്പെടുത്താം എന്നതിന്‍റെ നൂതന ആശയങ്ങൾ തേടലും.

ABOUT THE AUTHOR

...view details